രാജാവിനോട് മന്ത്രി ചെവിയില്‍ മന്ത്രിക്കുന്നത് കണ്ടു കൊണ്ട് വന്ന റാണി.
"എന്താണീ രാവിലെ തന്നെ പള്ളി ചെവിയില്‍ മന്ത്രിക്കുന്നത്?"
രാജാവ് : കളിയാക്കേണ്ട റാണി ..... പഴയ പ്രതാപം ഒക്കെ പോയി എന്നേ ഉള്ളു. ഞാന്‍ ഇപ്പോഴും രാജാവ് തന്നെയാ.
മന്ത്രി : പള്ളി ചെവിയില്‍ പള്ളി മന്ത്രം പറഞ്ഞു കൊടുക്കുകയായിരുന്നു ഞാന്‍.
റാണി: മന്ത്രി മന്ത്രം പറഞ്ഞു പറഞ്ഞു രാജാവിനെ ഒരു വഴിക്ക് ആക്കും. നമ്മുടെ അയല്‍ രാജ്യത്തെ രാജാവ് സൈന്യവുമായി നമ്മുടെ കൊട്ടാര വളപ്പില്‍ താമസം തുടങ്ങാന്‍ പദ്ധതി ഇട്ടെന്നു കേട്ടു. സത്യമാണോ?
രാജാവ്:: :::; :അപ്പോള്‍ റാണിയും അത് കേട്ടുവോ ?? അതു തന്നെയാ മന്ത്രിയും പറഞ്ഞു കൊണ്ടിരുന്നത് ....
മന്ത്രി : ഇതാ നമ്മുടെ രാജ്യത്തിന്‍റെ കുഴപ്പം. ഒരു കാര്യവും ആരുടേയും മനസ്സില്‍ ഇരിക്കില്ല. എല്ലാം പെട്ടെന്ന് പുറത്താകും.
റാണി : എന്ത് പുറത്താക്കാന്‍ .... അന്തപുരത്തില്‍ നിന്നാല്‍ കൊട്ടാര വളപ്പില്‍ അയല്‍ രാജ്യക്കാര്‍ കൂടാരം അടിക്കുന്നത് കാണാം.
രാജാവ് : അസംഭവ്യം .... അസംഭവ്യം .... അസംഭവ്യം ....
റാണി : എന്ത് അസംഭവ്യം .... അങ്ങ് തന്നെ നോക്കി ബോധ്യപ്പെട്ടാലും....
മന്ത്രി : ആരവം ഒക്കെ കേട്ടിട്ട് എനിക്കും സംശയം ഇല്ലാതെ ഇല്ല പ്രഭോ.
രാജാവ് : എന്ത് ... എന്‍റെ രാജ്യത്തില്‍ ഒരു ഈച്ച പോലും അനങ്ങാന്‍ പറ്റാത്ത വിധം സുരക്ഷ ഉള്ളപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു മന്ത്രി ??
മന്ത്രി : എന്ത് സുരക്ഷ രാജന്‍ .... നമ്മുടെ തന്നെ ഭടന്മാര്‍ അല്ലെ ? അവരില്‍ പലരും കൂറ് മാറി എതിര്‍ പക്ഷത്തു കടന്നിട്ടുണ്ട് എന്നും നാം കേട്ടിരിക്കുന്നു.
രാജാവ് :: അതെങ്ങനെ ??
മന്ത്രി : അതിനു അയല്‍ രാജ്യക്കാര്‍ ഇട നിലക്കാരെ ഏര്‍പ്പാടു ചെയ്തിരുന്നു വളരെ മുന്‍പ് തന്നെ. പുതിയ സമ്പ്രദായങ്ങള്‍ ഒന്നും നമുക്ക് പിടിപാടില്ലല്ലോ. കൂറ് മാറിയവരെ വന്‍ പ്രതിഫലം കൊടുത്തു നിര്‍ത്തിയിരിക്കുകയാ എന്നാ കേട്ടത്.
രാജാവ് : അങ്ങനെയോ... അങ്ങനെ എങ്കില്‍ അവര്‍ക്ക് എന്നോടും ഒന്ന് വന്നു ചോദിക്കാമായിരുന്നല്ലോ ?
റാണി : അങ്ങനെ വല്ലതും സംഭവിച്ചിരുന്നെങ്കില്‍ അങ്ങ് പണ്ടേ ഈ രാജ്യം വിറ്റ് തുലച്ചേനെ ....
മന്ത്രി : ഹ ഹ
രാജാവ് : അത് എനിക്കും ശരിക്കും ബോധിച്ചു. നമ്മുടെ റാണി ഒരു തമാശക്കാരി തന്നെ. ഹഹ
റാണി : സത്യം പറഞ്ഞാലും തമാശയാണെന്നു കരുതാന്‍ ഉള്ള അങ്ങയുടെ വിശാല മനസ്കത ഉണ്ടല്ലോ... ഞാന്‍ എന്‍റെ ശിരസ് അതിനു മുന്നില്‍ നമിക്കുന്നു.
രാജാവ് : തമാശ പറയാതെ റാണി .... എങ്ങനെ നമ്മുടെ രാജ്യത്തെയും നമ്മുടെ പ്രജകളെയും രക്ഷിക്കും എന്നു ചിന്തിക്കു. മന്ത്രി ... എന്തേലും ഉപായം പെട്ടെന്ന് കണ്ടെത്തൂ.
മന്ത്രി : ഞാന്‍ ഒരു സന്ദിസംഭാക്ഷണം നടത്താന്‍ പറ്റുമോ എന്നു ഒന്ന് നോക്കട്ടെ.
രാജാവ് : രക്ത ചൊരിച്ചില്‍ ഇല്ലാതെ എന്തു പോം വഴി ഉണ്ടെലും അതിനായി ശ്രമിച്ചു നോക്കു മന്ത്രി.
ഏകദേശം രണ്ടു നാഴിക ) കഴിഞ്ഞു കാണും .... മന്ത്രി മടങ്ങി എത്തി. അന്തപുരത്തില്‍ നിന്നു അയല്‍ രാജ്യത്തിന്‍റെ ഭടന്മാരുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരുന്ന രാജാവ് ഓടി എത്തി മന്ത്രിയുടെ വരവില്‍ എന്തെങ്കിലും ശുഭ പ്രതീക്ഷയും പേറി കൊണ്ട്.
മന്ത്രി : എല്ലാം കഴിഞ്ഞു പ്രഭോ ...
രാജാവ് : എന്‍റെ ഭഗവതീ ... എല്ലാം കഴിഞ്ഞെന്നു .....
മന്ത്രി : അങ്ങനെ അല്ല പ്രഭോ .... എല്ലാം ശുഭം ആയി എന്നു.
രാജാവ് : എല്ലാം ഒന്ന് തെളിച്ചു പറയൂ മന്ത്രി.
മന്ത്രി : അയല്‍ രാജ്യത്തെ രാജാവിനോട് സംസാരിക്കാന്‍ ഞാന്‍ അവിടെ ചെന്നു. അവിടെ രാജാവും പരിവാരങ്ങളും ഒരു മത്സരത്തില്‍ ആയിരുന്നു. ചോദ്യം ചോദിച്ചു ഉത്തരം മുട്ടിച്ചാല്‍ ചോദിക്കുന്നതെന്തും ലഭിക്കും എന്നായിരുന്നു നിബന്ധന. ഞാന്‍ കാണാന്‍ ചെന്നിരിക്കുന്നു എന്നു അറിഞ്ഞ രാജന്‍ എന്നെയും അവരുടെ സദസില്‍ ക്ഷണിച്ചു.
അവിടുത്തെ ഒരു പ്രമുഖന്‍ ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു അപ്പോള്‍ അവര്‍...
ചോദ്യം ഇതായിരുന്നു 'ആകാശത്ത് എവിടെ സംഭരിച്ചിരിക്കുന്ന വെള്ളം ആണു മഴയായി പെയ്യുന്നത്?'
രാജാവ് : ഹഹ ആകാശത്ത് ജലം സംഭരിച്ചു വച്ചിരിക്കുന്നുവെന്നോ ??
മന്ത്രി : അതിനുള്ള ശരി ഉത്തരം ഭൂമിയില്‍ നിന്നുള്ള ജലം അതിന്‍റെ വാതക അവസ്ഥയില്‍ സംഭരിക്കുന്നു എന്നായിരുന്നു. ധാരാളം ബുദ്ധി ജീവികള്‍ ഉണ്ടായിരുന്നു ആ സഭയില്‍..
എല്ലാത്തിനും ഉത്തരവും കണ്ടെത്തി.
അവസാനം എന്‍റെ ഊഴം എത്തി. ചോദിയ്ക്കാന്‍ ഒരു ചോദ്യം വേണമായിരുന്നു എനിക്ക്. ഒരു പിടി വള്ളി പോലെ ... എന്തും ആവശ്യപ്പെടാമല്ലോ.
രാജാവ് : എന്നിട്ട് മന്ത്രി എന്ത് ചോദ്യം ചോദിച്ചു? ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ട് ? ഭൂമിയില്‍ ആകെ ഉള്ള വൃക്ഷങ്ങളില്‍ ഉള്ള ആകെ ഇലയുടെ എണ്ണം? അങ്ങനെ വല്ല ഉത്തരം മുട്ടിക്കുന്ന ചോദ്യവും ചോദിച്ചു നമ്മുടെ രാജ്യം രക്ഷിക്കാമായിരുന്നല്ലോ മന്ത്രി ?
മന്ത്രി : അവര്‍ അതിനൊക്കെ എന്തേലും മറുപടി പറഞ്ഞാല്‍ എനിക്ക് അത് അല്ല എന്ന് തെളിയിക്കാന്‍ കഴിയില്ലല്ലോ.
രാജാവ് : എന്നിട്ട് .. മന്ത്രി എന്ത് ചോദിച്ചു എന്ന് പറഞ്ഞില്ലല്ലോ.
മന്ത്രി : രാജന്‍ പുറത്തേക്ക് ഒന്ന് നോക്ക് ......
രാജാവ് : അവിടെ എന്താ ഇത്ര വിശേഷമായിട്ടു ??
മന്ത്രി : അങ്ങ് ഒന്ന് നോക്കിയാലും പ്രഭോ ...
രാജാവ് : (പുറത്തേക്ക് നോക്കികൊണ്ട് .....) അവിടെ എന്താ എതിര്‍ പക്ഷത്തു ഒരു ആരവം..... പടപ്പുറപ്പാടാണോ ... ??? അല്ലല്ലോ .... അവര്‍ കൂടാരങ്ങള്‍ അഴിച്ചു പോകുകയാണല്ലോ .....
എന്താ ഇവിടെ സംഭവിക്കുന്നത് .. മന്ത്രി .... ഒന്നു വിശദമാക്കാമോ ....
മന്ത്രി : അതെ അവര്‍ മടങ്ങി പോകുകയാണ്..... അവര്‍ എന്‍റെ ചോദ്യത്തിന് ഉത്തരം തരാന്‍ കഴിയാത്തത് കൊണ്ട് അടിയന്‍ അവരോടു ആവശ്യപെട്ടു ... ഒരു രക്ത ചൊരിച്ചിലിനു മുതിരാതെ അടിയന്‍റെ നാട് ഉപേക്ഷിച്ചു പോകണം എന്ന്.
രാജാവ്: അതിനു മന്ത്രി ഇനിയും പറഞ്ഞില്ലല്ലോ എന്ത് സമസ്യ ആണ് മന്ത്രി ഉന്നയിച്ചതെന്ന്.
മന്ത്രി : ഞാന്‍ ഒരു നിസാര ചോദ്യം ചോദിച്ചു.
രാജാവ് : എന്തായിരുന്നു അത് ?
മന്ത്രി :: അത് .... അത് ....
രാജാവ് :: പറയൂ മന്ത്രി .....
മന്ത്രി : 'ഇതു വരെ ആരും ചോദിക്കാത്ത ചോദ്യം എന്തായിരുന്നു' ..... എന്നതായിരുന്നു എന്‍റെ ചോദ്യം .......
പലരും പല ചോദ്യങ്ങളും ചോദിച്ചു ... പല ഉത്തരങ്ങളും വന്നു.... പക്ഷെ അവസാനം എല്ലാവരും തോല്‍വി സമ്മതിക്കുക തന്നെ ചെയ്തു.
പല വിധത്തിലുള്ള സമ്മാനങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്തു. പക്ഷെ ഞാന്‍ അപ്പോള്‍ വീണ്ടും അവരോടു ഒരു ചോദ്യം ചോദിച്ചു. സ്വന്തം രാജ്യത്തിന്‍റെയും സ്വന്തം പ്രജകളുടെയും ജീവനേക്കാള്‍ പ്രധാനമായി എന്ത് സമ്മാനം ആണ് എനിക്കിപ്പോള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക എന്ന്.
അപ്പോള്‍ തന്നെ സദസില്‍ ഉണ്ടായിരുന്ന അയല്‍ രാജ്യത്തെ രാജാവ് അതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അവര്‍ ഇന്ന് തന്നെ മടങ്ങും ...
രാജാവ് : (സന്തോഷത്തോടെ) മന്ത്രിയുടെ അപാര ബുദ്ധി നമ്മുടെയും രാജ്യത്തിന്‍റെയും പ്രജകളുടെയും ജീവന്‍ രക്ഷിച്ചു. മന്ത്രിക്കു എന്തു തന്നെ തന്നാലും മതിയാവില്ല. എന്തു വേണം എന്നു പറയൂ മന്ത്രി...
മന്ത്രി : ഒന്നും വേണ്ട പ്രഭോ ..... ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കണം എന്നു വിചാരിച്ചു അല്ല അവിടേക്ക് പോയതും .... അവിടെ എത്തിപെട്ടതും. പക്ഷെ ജീവന്‍ പോകാതിരിക്കാന്‍ ഒരു ചോദ്യം ചോദിക്കേണ്ടി വന്നപ്പോള്‍ ആരോ മനസ്സിന്‍റെ ഉള്ളില്‍ ഒരു ചോദ്യം കൊണ്ടു ഇട്ടു തന്നു .....
അതിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നു എനിക്കറിയില്ല.
രാജാവ് : സമ്മതിച്ചു തന്നിരിക്കുന്നു മന്ത്രി .... എന്തായാലും.... അതൊക്കെ പോട്ടേ ..... എന്തായിരുന്നു 'ആരും ചോദിക്കാത്ത ആ ചോദ്യം ??'
മന്ത്രി : അങ്ങനെ ഒരു ചോദ്യം ഉണ്ടായിരുന്നെങ്കില്‍ .... എന്നു ശരിക്കും ആശിച്ചു പോകുകയാ ഞാനും .....
രാജാവ് :: ഹഹഹഹ ............
"ആരും ചോദിക്കാത്ത ചോദ്യം ... അങ്ങനെ ഒന്നു ഉണ്ടോ ?? ഉണ്ടെങ്കില്‍ തന്നെ അത് ചോദിച്ചു കഴിയുമ്പോള്‍ അത് അങ്ങനെ അല്ലാതെ ആകുന്നില്ലേ ??"
അങ്ങനെ ഇനി ഒരു ചോദ്യം ഇനി ഉണ്ടാകുമോ ??? കാലം തെളിയിക്കട്ടെ അങ്ങനെ ചോദ്യം ഉണ്ടെങ്കില്‍ ... അല്ലെ ???????
പ്രശാന്ത് കെ
prasanthk4u.blogspot.com
