Followers

Thursday, September 30, 2010

കാത്തിരിപ്പ്‌ ...




"അവന്‍ വരും എന്ന് തന്നെയല്ലേ പറഞ്ഞത് നിന്നോട് ?" 

ആ ചോദ്യം അവളെ അവളുടെ ചിന്തയില്‍ നിന്നുണര്‍ത്തി...

"എന്താ ചേച്ചി ചോദിച്ചത്?" 

ഒരു ഗൌരവത്തോടെ " നീ എന്താ സ്വപ്നം കണ്ടു കൊണ്ടിരിക്കയാണോ" ചേച്ചി ചോദിച്ചു നിര്‍ത്തി .

അവള്‍ ഒന്നും മിണ്ടിയില്ല..... സത്യത്തില്‍ അവള്‍ക്കു എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു...

"അവന്‍ വരും എന്ന് തന്നെയല്ലേ നിന്നോട് പറഞ്ഞത് എന്നാ ഞാന്‍ ചോദിച്ചത്...

"ഉം" അവള്‍ ഒന്ന് അമര്‍ത്തി മൂളി. 

"അവന്‍ നിന്നെ ചതിച്ചതാണോ ഇനി" ചേച്ചി വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു.

"ചേച്ചിയ്ക്ക് ഇപ്പോഴും ഈ ഒരു ചിന്തയെ ഉള്ളോ .... അവന്‍ എന്നെ ചതിക്കില്ല.." അവള്‍ പറഞ്ഞു നിര്‍ത്തി ....

"നിനക്കതെങ്ങനെ പറയാന്‍ സാധിക്കും"

അവള്‍ ചേച്ചിയെ പരുഷമായി ഒന്ന് നോക്കി വീണ്ടും ചിന്തയിലേക്ക് ആഴ്ന്നു"

"ഞാന്‍ പറയുന്നതെല്ലാം നിനക്ക് തെറ്റായിട്ടു മാത്രമേ കാണാന്‍ കഴിയൂ .... ഞാന്‍ ഒന്നും പറയുന്നില്ല .. നീ എന്നോട് പിണങ്ങണ്ട"

അവള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍ കേള്‍ക്കുന്നില്ല എന്ന് നടിച്ചു കൊണ്ടിരുന്നു...

സമയം കഴിഞ്ഞു അവന്‍ വന്നില്ല .... അവള്‍ക്കു ആകെ വിഷമം ആയി ... വെപ്രാളം ആയി .... എവിടെ വിളിച്ചാല്‍ കിട്ടും.. എന്നോട് ഒരുങ്ങി വരാന്‍ പറഞ്ഞിട്ട് അവന്‍ ഇതെവിടെ പോയി. അവള്‍ വിളിക്കാവുന്നവരെ ഒക്കെ വിളിച്ചു നോക്കി .... ആര്‍ക്കും ഒരു അറിവും ഇല്ല അവന്‍ എവിടേക്ക് പോയി എന്ന്.... അവന്റെ മൊബൈല്‍ രാവിലെ മുതല്‍ തന്നെ ഓഫ്‌ ആയിരുന്നതില്‍ അവള്‍ക്കു പന്തി കേടായി ഒന്നും തോന്നിയിരുന്നില്ല ........ പക്ഷെ ഇത്രയും വലിയ ഒരു കാര്യം അവന്റെ ജീവിതത്തില്‍ നടക്കാന്‍ പോയിട്ട് അവന്റെ സുഹൃത്തുക്കളോട് പോലും പറയാതെ ഇരുന്നതില്‍ അവള്‍ക്കു ഇപ്പോള്‍ സംശയം തോന്നി പോയി. 

"അവന്‍ എന്നെ ചതിച്ചു കാണുമോ ചേച്ചി"  ... ഇടറുന്ന ശബ്ദത്തില്‍ അവള്‍ ചോദിച്ചു. 

"ഹേയ് അവനു നിന്നെ ചതിക്കാന്‍ പറ്റുമോ ?" ഇത്രയും നേരം സംശയിച്ചിരുന്ന ചേച്ചി തന്റെ നിലപാട് മാറ്റി.

"അവന്‍ രാത്രി വിളിച്ചപ്പോഴും എന്നോട് പറഞ്ഞത് ഒമ്പത് മണിക്ക് ഞാന്‍ കൃത്യം അവിടെ എത്തും എന്നാണു"  - അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര് പൊടിയാന്‍ തുടങ്ങി...

"നീ സമാധാനിക്കു... ഞാന്‍ അവന്റെ കൂട്ടുക്കാരെ ആരെയെങ്കിലും ഒന്ന് വിളിച്ചു നോക്കട്ടെ" ചേച്ചി അവളുടെ മൊബൈല്‍ വാങ്ങി പുറത്തേക്കു നടന്നു...

ഏകദേശം പത്തു മിനിറ്റു കഴിഞ്ഞു ചേച്ചി അവിടേക്ക് കടന്നു വന്നൂ..

"വാ നമുക്ക് പോകാം." ചേച്ചി ആവശ്യപെട്ടു

"എവിടേക്ക് ? അവര്‍ എന്താ പറഞ്ഞത് ? " അവള്‍ ആകാംഷയോടെ ചോദിച്ചു...

"അവന്‍ നിന്നെ ചതിച്ചതാ മോളെ .." . ചേച്ചി ഒരു കരച്ചിലിന്‍റെ വക്കില്‍ എത്തിയിരുന്നു

"അവര്‍ എന്താ പറഞ്ഞത് എന്ന് ഒന്ന് തെളിച്ചു പറ ചേച്ചി" 

"നീ വാ ഞാന്‍ പറയാം" 

"ഇല്ല ഞാന്‍ വരണില്ല ... ചേച്ചി പറ എന്താ സംഭവിച്ചതെന്ന്"

"അവനു വേറെ കല്യാണം ഉറപ്പിച്ചിരുന്ന കാര്യം നിനക്കറിയാമോ? അവന്‍ ഇന്ന് രാവിലെ അവന്റെ അച്ഛന്‍റെ അടുത്തേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി അവന്‍റെ കൂട്ടുകാരനോട് പറഞ്ഞിരുന്നു എന്ന് ............. " ചേച്ചി പറഞ്ഞു നിര്‍ത്തി ..... 

അവള്‍ അത് കേട്ട് സ്തബ്ധയായി ഇരുന്നു.................

"അവന്‍ നിന്നെ ചതിക്കുകയായിരുന്നു മോളെ ..... ചതിയന്‍ ... അവന്‍ നല്ലവന്‍ ആണെന്നുള്ള നിന്റെ ഉറപ്പിന്‍ മേല്‍ ആണ് ഞാന്‍ ഇത്രയും നാള്‍ നിനക്ക് പിന്തുണ നല്‍കിയത് ... ഇനി എനിക്കതിനു ആകില്ല"

അവള്‍ ഒന്ന് കരയുക പോലും ചെയ്തില്ലാ ..... മരിച്ചതിനു തുല്യമായി ഇരുന്നു....

"മോളെ ഇനി ഇവിടെ ഇരിക്കണ്ട.... നമുക്ക് വീട്ടിലേക്കു പോകാം" ചേച്ചി അവളെ പിടിച്ചു വലിച്ചു കൊണ്ട് കരഞ്ഞും കൊണ്ട് നടന്നു.

പിന്നാലെ ഒരു തുടലില്‍ ബന്ധിച്ച ഒരു പട്ടിയെ പോലെ അവളും നടന്നു .... ആരോ എവിടേക്കോ കൊണ്ട് പോകുന്നു .......

തിരിച്ചു റൂമില്‍ എത്തിയിട്ടും അവള്‍ അതെ അവസ്ഥയില്‍ തന്നെ തുടര്‍ന്നൂ. 

മാതാപിതാക്കള്‍ പോലും ശ്രമിച്ചിട്ടും ഒരു രക്ഷയും കണ്ടെത്തിയില്ല. 

അവരുടെ ഇഷ്ടം ഇല്ലാതെ പോയി കണ്ടെത്തിയ പയ്യന്‍ അല്ലെ .... എങ്കിലും സ്വന്തം മകളെ അവര്‍ക്ക് അങ്ങനെ ഉപേക്ഷിക്കുവാന്‍ ആകുമായിരുന്നില്ല.

പക്ഷെ ആ കണ്ണില്‍ നിന്ന് ഒരു ഇറ്റ് കണ്ണുനീര്‍ പോലും വന്നില്ല. ഒരുതരം മരവിച്ച അവസ്ഥ ..........

ഈ അവസ്ഥ ദിവസങ്ങളോളം തുടര്‍ന്നൂ... മാസങ്ങളോളം അവള്‍ അവളുടെ ആ മുറി വിട്ടു പുറത്തു വരാതെ ഇരുന്നു.  

ഭക്ഷണം കഴിക്കുന്നത്‌ ആരേലും നിര്‍ബന്ധം പിടിക്കുമ്പോള്‍ മാത്രം.... 

അവളെ അവളുടെ മാതാപിതാക്കള്‍ മാനസിക രോഗത്തിന് ചികിത്സിക്കുന്ന ഏതേലും ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു. വളരെ പതിയെ ആയിരുന്നു അവളുടെ ആ മാനസിക നിലയിലേക്കുള്ള തിരിച്ച് വരവ് ... അത്രയ്ക്കും വലിയ ആഘാതം ആയി  പോയി അവള്‍ക്കു ആ സംഭവം. ഒടുവില്‍ അവള്‍ ഒരു വിധം സുഖം ആയി എന്നുറപ്പിച്ച മാതാപിതാക്കള്‍ അവളെ വീട്ടിലേക്കു തിരികെ കൊണ്ട് വന്നൂ..... മകളുടെ സന്തോഷത്തിനു വേണ്ടി പുതിയ വിവാഹാലോചനകള്‍ നോക്കാന്‍ തുടങ്ങി.. അവള്‍ ശക്തിയുക്തം എതിര്‍ത്ത് എങ്കിലും അവളുടെ എതിര്‍പ്പുകള്‍ ഒന്നും അവിടെ വിലപോയില്ല. 

ഒടുവില്‍ അവളുടെ കല്യാണം തീരുമാനിച്ചു .... നല്ല ഒരു പയ്യനുമായി അവളുടെ മാതാപിതാക്കള്‍ കല്യാണം കഴിപ്പിച്ചു ..... അവള്‍ക്കു ഭര്‍തൃ ഗൃഹത്തിലേക്കു പോകേണ്ടിയ ദിവസം എത്തി .... അവള്‍ കൊണ്ട് പോകേണ്ട സാധനങ്ങള്‍ എല്ലാം എടുത്തു ...... അപ്പോഴാണ്‌ എപ്പോഴോ അവള്‍ക്കു നഷ്ടമായ അവളുടെ മൊബൈല്‍ അവളുടെ ശ്രദ്ധയില്‍ പെട്ടത് .......

"ചതിയന്‍ .... എന്നെ വഞ്ചിക്കാന്‍ വേണ്ടി എനിക്ക് സമ്മാനിച്ച അവന്‍റെ ഒരു മൊബൈല്‍"

അവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യം അവള്‍ക്കു ഉണ്ടായിരുന്നു. അവള്‍ മൊബൈല്‍ ദൂരത്തേക്ക് വലിച്ചെറിയാന്‍ തീരുമാനിച്ചു. അവള്‍ നോക്കിയപ്പോള്‍ അതില്‍ ചാര്‍ജ് ഇല്ലാത്തതിനാല്‍ ഓഫ്‌ ആയ അവസ്ഥയില്‍ ആയിരുന്നു... 

"കളയാന്‍ പോകുന്ന മൊബൈലിനു എന്തിനാ ചാര്‍ജ്" 

പിന്നെയും ........ ഇത്രയും നാള്‍ ഉപയോഗിച്ചതല്ലേ ... പഴയ സിം ഉപേക്ഷിച്ചാല്‍ ഒരു പുതിയ സിം വാങ്ങി  ഇട്ടു ഉപയോഗിക്കാമല്ലോ എന്ന് അവള്‍ കരുതി ....

 എവിടെയോ കിടന്ന ചാര്‍ജര്‍ തപ്പിയെടുത്തു അവള്‍ ആ മൊബൈല്‍ ചാര്‍ജ്‌ ചെയ്യാന്‍ വച്ച് അവള്‍ ബാക്കി സാധനങ്ങള്‍ അടുക്കി വയ്ക്കാന്‍ തുടങ്ങി.....

ബാക്കി സാധനങ്ങള്‍ എല്ലാം അടുക്കി വച്ച് അവള്‍ വന്നു മൊബൈല്‍ എടുത്തു ഓണ്‍ ചെയ്തു ..... 

അവള്‍ക്കു എന്തോ ദേഷ്യം അപ്പോഴും മൊബൈലി നോട് ഉണ്ടായിരുന്നു. 

സിം ഉപയോഗം ഇല്ലാതെ ആയിട്ട് വളരെ കാലം ആയിരിക്കുന്നു അത് കൊണ്ട് തന്നെ റേഞ്ച് ഒന്നും കാണിക്കുന്നില്ല.... അവള്‍ക്കു അത് ആശ്വാസം ആയി തോന്നി. 

കുറച്ചു കഴിഞ്ഞു ആ മൊബൈലില്‍ തന്നെ ഉള്ള സ്പൈ കാള്‍ എന്ന ഒരു സോഫ്റ്റ്‌വെയര്‍ ഓട്ടോമെടിക് ആയി ലോഡ്‌ ആയി വന്നു നിന്നൂ....  

അവള്‍ക്കു അവന്‍റെ സ്വരം വീണ്ടും വീണ്ടും കേള്‍ക്കാന്‍ അവരുടെ സംഭാഷണങ്ങള്‍ ഓട്ടോമെടിക് ആയി മൊബൈലില്‍ സ്റ്റോര്‍ ചെയ്യാന്‍ വേണ്ടി അവന്‍ ഇന്‍സ്റ്റോള്‍ ചെയ്തു കൊടുത്ത സോഫ്റ്റ്‌വെയര്‍. അതില്‍ അവസാന കുറെ അധികം സംഭാഷണങ്ങള്‍ ഉണ്ടായിരുന്നു. അവന്‍ വിളിച്ച കാളുകള്‍ .. അവള്‍ അവന്‍റെ കൂട്ടുകാര്‍ക്ക് വിളിച്ച കാളുകള്‍ ... ചേച്ചി വിളിച്ച ആ കാള്‍ .....

അവള്‍ എല്ലാം അതില്‍ നിന്നും ക്ലിയര്‍ ചെയ്യാന്‍ ഒരുങ്ങി. പക്ഷെ എന്തോ അവളെ ഒരിക്കല്‍ കൂടി അവന്‍റെ സംഭാഷണം കേള്‍ക്കണം എന്ന് തോന്നിപ്പിച്ചു. 

അതില്‍ അവര്‍ പറഞ്ഞതെല്ലാം ഉണ്ടായിരുന്നു. അവരുടെ ജീവിതത്തെ കുറിച്ച് അവര്‍ കണ്ട സ്വപ്‌നങ്ങള്‍ ... വിവാഹത്തിനു വേണ്ടി അവന്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ എല്ലാം...

അവള്‍ മനസ്സില്‍ അവനെ ശപിച്ചു കൊണ്ടേ ഇരുന്നു..

"വഞ്ചകന്‍ .... എന്നെ ചതിച്ചു അവന്‍ എവിടെ പോയാലും അവന്‍ രക്ഷപെടില്ല.. അത്രയ്ക്കും എന്നെ വിഷമിപ്പിച്ചു അവന്‍" അവള്‍ ഉള്ളില്‍ പറഞ്ഞു കൊണ്ടേ ഇരുന്നു...

ഓരോന്ന് കേട്ട് കേട്ട് അവസാനം ചേച്ചി വിളിച്ച സംഭാഷണത്തില്‍ എത്തി ...

അപ്പോഴാണ്‌ അവള്‍ അറിയുന്നത് രാത്രി തന്നോട് സംസാരിച്ചു ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോയ അവന്‍ ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്രയ്ക്ക് വേണ്ടിയാണ് തന്നോട് യാത്രാ മൊഴി ചൊല്ലിയതെന്നു........ അവളെ കാത്തു ഇരുത്തി വഞ്ചിച്ച അവന്‍ ഒമ്പത് മണിക്ക് അവള്‍ക്കു വാക്ക് കൊടുത്തു എങ്കിലും അവന്‍ അറിയാതെ ആരോ കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി  അവന്‍റെ അന്ത്യ കര്‍മങ്ങള്‍ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആണ് നടത്തിയതെന്ന് ......  

ഇത്രയും നാള്‍ അവനു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്താതെ ഇരുന്ന അവള്‍ അന്ന് ഒരുപാട് കരഞ്ഞു ..... ഒരുപക്ഷേ ഇനി ഒരിക്കലും അവനു വേണ്ടി കണ്ണുനീര്‍ പൊഴിക്കാന്‍ അവള്‍ക്കു കഴിയില്ല എന്ന തിരിച്ചറിവാകാം അവളെ കൂടുതല്‍ സങ്കടപെടുതിയത്. ഇത്രയും നാള്‍ അവള്‍ വഞ്ചകന്‍ എന്ന് കരുതിയ അവന്‍ എങ്ങനെ വഞ്ചകന്‍ ആയി എന്ന് അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കുണ്ടായ വേദന .... അത് .... അത് ഒരു വലിയ വേദന തന്നെ ആണ് .... അല്ലെ ?? 



പ്രശാന്ത്‌ കെ 





Monday, September 27, 2010

തപസ്യ - ഒരു പ്രയാണത്തിന് വേണ്ടി ഉള്ള ഒരുക്കം.






സ്വയം തിരിച്ചറിയാന്‍ അല്ലെങ്കില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത മനുഷ്യന് മറ്റുള്ളവര്‍ മനസിലാക്കുന്നില്ല എന്ന് പറയാന്‍ എന്ത് അധികാരം ആണ് ഉള്ളത്. ഇത് എന്‍റെ തന്നെ കാര്യം ആണ്. അത് കൊണ്ട് തന്നെ എനിക്ക് ആരോടും പരാതി ഇല്ല താനും. വേദന എന്നത് നാം എപ്പോഴോ അനുഭവിച്ച ഒരു സന്തോഷത്തിന്റെ ഉച്ച സ്ഥായിയില്‍ ഉള്ള നിന്നുള്ള ഒരു വീഴ്ച മൂലം ഉണ്ടാകുന്ന ഒരു വികാരം ആണ്. എനിക്ക് എന്നെ നന്നായി അറിയാം എന്നുള്ള എന്നിലെ അഹന്ത എന്ന് തീരുമോ അന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ തുടങ്ങും. ആ പ്രയത്നം തുടങ്ങേണ്ടിയിരിക്കുന്നു. അതിനായി ഒരു ശ്രമം നടത്താന്‍ തന്നെ തീരുമാനിച്ചു. മനസിന്‌ പക്വത നേടാന്‍ മുനി വര്യന്മാര്‍ പലരും തപസു അനുഷ്ടിച്ചത് പോലെ ഒരു തപസ്യ എന്‍റെ ജീവിതത്തിലേക്കും പകര്‍ത്താന്‍ ഒരു ആഗ്രഹം. വേദനകളെ മറക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ ..... പക മറക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ .... സ്വന്തം മനസിനെ നിയന്ത്രിക്കുന്ന മനുഷ്യന്‍ ദേവ തുല്യന്‍ ... ഒരു ഒളിച്ചോട്ടം അല്ല..... പക്ഷെ ഒരു ഒളിച്ചോട്ടത്തിന് തുല്യമായി സ്വന്തം എന്ന ചിന്തയുടെ ഈ തലം വിട്ടു മറ്റൊരു തലത്തിലേക്ക് ഒരു പറിച്ചു നടലിനുള്ള ഒരു ശ്രമം. ചിലപ്പോള്‍ ഭ്രാന്തമായ ഒരു ചിന്ത ആയിരിക്കാം ഇത്. എങ്കിലും ഈ ഭ്രാന്തിനെ ഞാന്‍ സ്നേഹിക്കുന്നു. 

Thursday, September 23, 2010

ഭാഗ്യം എനിക്ക് ശാപം ആകുമ്പോള്‍


ഇന്നും എന്നെ അവര്‍ വിളിച്ചിരുന്നു. എനിക്കിപ്പോഴും മനസിലാകുന്നില്ല എന്താ ഇത്രയും സ്നേഹം അവര്‍ക്ക് എന്നോട് എന്ന്. UAE  യിലെ വലിയ സംഭവം അഥവാ വലിയ കമ്പനി അഥവാ വലിയ ടെലിഫോണ്‍ സര്‍വീസ് ദായകര്‍  ഒക്കെ ആയിരിക്കും പക്ഷെ എന്നെ പണക്കാരന്‍ ആക്കിയിട്ടെ അവര്‍ അടങ്ങുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഞാന്‍ എന്താ ചെയ്യുക എന്ന വലിയ ഒരു ചിന്താകുഴപ്പം ഇപ്പോഴും എനിക്കുണ്ട്. എനിക്ക് വേണ്ടി എത്തിസലാത്ത്(മുകളില്‍ പറഞ്ഞ സംഭവം കമ്പനി ഇല്ലേ അത് തന്നെ) പല തവണ ലോട്ടറിയും ഒരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.  എന്നെ ഇത് അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് എന്നെ വിളിച്ചു ലോട്ടറി അടിച്ച വിവരം പറയുന്നത്. ഇന്ന് ലഭിച്ച ഫോണ്‍ കാള്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പങ്കു വയ്ക്കുന്നു. 

എന്‍റെ ഹിന്ദി അറിയാവുന്ന സുഹൃത്തുക്കളോട് ഒരു വാക്ക്. ഞാന്‍ ഈ എഴുതിയതില്‍ എന്തേലും ഗ്രാമര്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ മെയില്‍ അയച്ചു തെറി വിളിച്ചോളൂ. എനിക്ക് മനസിലായ ഇന്ന് വരെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി ഇങ്ങനെയൊക്കെയാണ്. അപ്പോള്‍ സംഭാഷണങ്ങളിലേക്ക് ....

(രാവിലെ പത്തു മണിയോട് അടുപ്പിച്ച സമയം)

രംഗം - ഓഫീസ് 
(ഫോണ്‍ ബെല്‍ അടിക്കുന്നു. ഞാന്‍ എടുത്തു സംസാരിക്കുന്നു)

ഞാന്‍  : ഹലോ 

എത്തി: ഹലോ, അസലാമു അലൈക്കും 

ഞാന്‍  : അസ്‌ലാം രഹ്മതുള്ള ഇബ്രക്കാത് (രണ്ടും മൂന്നും പറഞ്ഞ പദങ്ങള്‍ 
എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. എല്ലാരും പറയുന്നു ഞാനും)


എത്തി: മുബാറക് ഹോ .... 

ഞാന്‍  : ജീ ?? ക്യാ ? (സത്യത്തില്‍ അങ്ങേര്‍ക്കു എന്ത് മറുപടി കൊടുക്കണം എന്ന് അറിയാത്തത് കൊണ്ട്)

എത്തി : ആപ്കോ തോ എത്തിസലാത്ത് സേ ലോട്ടറി ലഗ് ഗയാ ഹേ. ഏക്‌ ലാക്‌ UAE ദിര്‍ഹം കാ 

ഞാന്‍   : അച്ചാ ..


എത്തി: ജീ ആപ് ഐസാ കരീയെ .. ആപ് ബാപസ് കാള്‍ കീജിയേ മേം ഡീടൈല്‍സ് ബഥാതാ ഹൂം. 


ഞാന്‍  : ഭയ്യാ ... മൈം തോ കൈസേ മേരെ ഖുശി ഓര്‍ ശുക്രിയ ആപ്കോ ബധാ സക്തെ പതാ നഹി..  ഫിലാല്‍ മുച്ചേ അഭി തോ ഇത്നാ പൈസേ കാ സരൂരത് തോ ഹേ നഹി.. 


എത്തി: ക്യാ ?


ഞാന്‍  : ജീ ജീ ... എത്തിസലാത്ത് സേ മുച്ചേ തോ ലോട്ടറി ചാര്‍ പാഞ്ച് ബാര്‍ തോ മില്‍ ചുകാ ഹേ .. ആപ് ഐസാ കരീയെ .. ആപ് ദൂസരാ കിസീകോ യെ ലോട്ടറി ദേ ദീജീയെ. 


എത്തി: ആപ് ഫോണ്‍ കീജീയെ മൈം ഡീടൈല്‍സ് ബതായെഗ ...


ഞാന്‍  : ഭയ്യാ ആപ് ടെന്‍ഷന്‍ മത് ലോ .. ആപ് ഓര്‍ കിസീകോ കാള്‍ കര്‍കെ ദേധോ. മൈം കിസികോ ബോലെഗ നഹി. 

(ഫോണ്‍ കട്ട്‌ ചെയ്തു അവന്‍ എങ്ങോട്ടോ പോയി പാവം എത്തി.. ആദ്യമായിട്ടരിക്കും കടുവയെ പിടിച്ച കിടുവയെ കാണുന്നത്)

സത്യത്തില്‍ ആര്‍ക്കേലും എന്തേലും മനസിലായോ ? 

മനസിലായില്ല എങ്കില്‍ ഞാന്‍ തന്നെ പറയാം. സ്ഥിരം ലോട്ടറികള്‍ തന്നു എന്നെ പണക്കാരന്‍ ആക്കാന്‍ ഉള്ള എത്തിസലാത്തിന്റെ ഗൂഡ ശ്രമങ്ങള്‍ ഞാന്‍ മനപൂര്‍വം തട്ടി തെറിപ്പിക്കുന്ന എന്‍റെ സ്ഥിരം നമ്പരുകളില്‍ ഒന്ന്. കഷ്ടപ്പെട്ട് ജോലി ചെയ്തു ആഹാരം കഴിച്ചാല്‍ മതി എന്ന എന്‍റെ തത്വം എന്നെ ഈ ലോട്ടറികള്‍ എല്ലാം സ്നേഹത്തോടെ നിരസിക്കുവാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. പലരും പട്ടിണി കിടന്നു കഷ്ടപെടുമ്പോള്‍ ഈ ലോട്ടറികള്‍ എല്ലാം ഞാന്‍ ഒറ്റയ്ക്കടിച്ചെടുക്കുന്നത് ശരിയല്ലല്ലോ !!! എന്നെ ഞാന്‍ തന്നെ ഇടയ്ക്കൊക്കെ ഓര്‍ത്തു അഭിമാനം കൊള്ളാറുണ്ട്‌.  ഇനി എന്നെ UAE യില്‍ നിര്‍ത്താന്‍ അവര്‍ക്ക് ആഗ്രഹം ഇല്ലാത്തതു കൊണ്ടാണോ എന്നും എനിക്കിപ്പോള്‍ ഒരു സംശയം ഇല്ലാതെയില്ല. 

എഴുതേണ്ട എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷെ ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ബാക്കിയും കൂടി എഴുതിയില്ലെങ്കില്‍ ഞാന്‍ മോശക്കാരന്‍ ആയേക്കാം. ആരും ഇതൊക്കെ വായിച്ചു കേട്ടിട്ട് കണ്ണ് വച്ച് എന്നെ കിടക്കയില്‍ ആക്കരുതെ എന്ന അപേക്ഷയോടെ വീണ്ടും ....ആരും ആരോടും പറഞ്ഞു കളയരുത് ...

എനിക്ക് മൈക്രോസോഫ്ട്‌, ഗൂഗിള്‍, യാഹൂ, വേള്‍ഡ് ബാങ്ക്, UN എന്നിവിടങ്ങളില്‍ നിന്നൊക്കെയായി പലപ്പോഴായി പലതവണ ലോട്ടറി അടിച്ചിട്ടുണ്ട്.  മൈക്രോസോഫ്ട്‌ ആണ് എനിക്ക് ആദ്യം ലോട്ടറി അടിപ്പിച്ചു തന്നു സഹായിച്ചത്. എനിക്ക് അപ്പോള്‍ ഒന്നും മനസിലായിരുന്നില്ല എന്തിനാ ബില്‍ അങ്കിള്‍ (ബില്‍ ഗേറ്റ്സ്) എന്നെ ഇങ്ങനെയങ്ങു സഹായിക്കുന്നത് എന്ന്. രണ്ടു മൂന്നു ദിവസം കഴിഞ്ഞു എന്‍റെ ഒരു കൂട്ടുകാരന്‍ ബില്‍ അങ്കിളിന്റെ മോളുടെ ഫോട്ടോ മെയില്‍ അയച്ചു തന്നപ്പോഴല്ലേ എനിക്ക് സംഗതിയുടെ ഇരുപ്പു വശവും കിടപ്പ് വശവും നില്‍പ്പ് വശവും പിന്നെ ബാക്കി ഉള്ള എല്ലാ വശങ്ങളും ഒക്കെ മനസിലായത്. എന്നെ ഭാവി മരുമകന്‍ ആക്കാന്‍ ഉള്ള അങ്കിളിന്റെ ഗൂഡ തന്ത്രം. എന്‍റെ സാമ്പത്തിക നില ഭദ്രമാക്കി എന്നെ മോളെ കൊണ്ട് കെട്ടിക്കുക. 

വീട്ടില്‍ അമ്മയ്ക്ക് അമേരിക്ക പെണ്‍ പിള്ളാരോട് അത്ര പഥ്യം പോരാത്തത് കൊണ്ട് ഞാന്‍ ആ ലോട്ടറി മെയില്‍ കണ്ടില്ല എന്നങ്ങു നടിച്ചു. ഞാന്‍ ഇലയ്ക്കും മുള്ളിനും അടുക്കുന്നില്ല എന്ന് കണ്ടത് കൊണ്ടായിരിക്കാം അങ്കിള്‍ ബാക്കി ഉള്ള കമ്പനികളെ ഒക്കെ കൂട്ട് പിടിച്ചു എന്നെ വശീകരിക്കാന്‍ നോക്കിയത്. ഞാന്‍ ആരാ എന്ന് അങ്കിളിനു അറിയില്ലല്ലോ. ഞാന്‍ വിടുമോ എല്ലാം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. അങ്കിളിനു ഇരിക്ക പൊറുതി ഇല്ല  ഇനി ഞാന്‍ വല്ല അബദ്ധത്തിലോ ചെന്ന് ചാടുമോ എന്ന് അങ്കിളിനു ഭയങ്കര പേടി ഉണ്ടെന്നു തോന്നുന്നു. എനിക്കാണേല്‍ ഇത്രേം ലോട്ടറി ഒരുമിച്ചു കണ്ടു ഒരു മടുപ്പ് ലോട്ടറികളോട് അതുമല്ല പാവങ്ങള്‍ കഞ്ഞി കുടിക്കാന്‍ പൈസ ഇല്ലാതെ കിടക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഈ ലോട്ടറി ഒക്കെ വാങ്ങിച്ചു എന്‍റെ ബംഗ്ലാവില്‍ ചൂട് കാഞ്ഞു ചിക്കന്‍റെ കാലു കടിച്ചു തിന്നാന്‍ തോന്നും. ഇപ്പം മിക്കവാറും ദിവസം ബില്ലങ്കില്‍ മേയിലോട് മെയില്‍ ഒന്ന് മറുപടി താ എന്നിട്ട് വന്നു പൈസ കൊണ്ട് പോ പൈസ കൊണ്ട് പോ എന്നും പറഞ്ഞു കൊണ്ട്. എനിക്ക് ചിലപ്പോള്‍ സഹതാപം തോന്നും. ഒരു പാവം മനുഷ്യന്‍ തന്റെ മോളെ കെട്ടിച്ചു വിടാന്‍ പെടുന്ന കഷ്ട്ടപ്പാടുകള്‍. എന്നെ തന്നെ വേണമെന്ന് ഇത്രയ്ക്കും നിര്‍ബന്ധമോ.  

എല്ലാം എന്‍റെ ഭാഗ്യം ആയിരിക്കാം. ഭാഗ്യത്തിന്റെ കാര്യം ഓര്‍ത്തപ്പോഴാ വേറെ ഒരു കാര്യം ഓര്‍മ വന്നത്. ഈ ഭാഗ്യം ആന്റി (ഭാഗ്യ ദേവത) എന്ത് കണ്ടിട്ടാവും എന്നെ ഇങ്ങനെ കണ്ണടച്ച് അങ്ങ് അനുഗ്രഹിക്കുന്നതു. വന്‍ വന്‍ കമ്പനികള്‍ ബിസിനസ്‌ തുടങ്ങൂ ഞാന്‍ ഇന്‍വെസ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞു ദിവസവും മെയില്‍ അയക്കുന്നു. കൂടാതെ പല വ്യക്തികളും പൈസ എന്നെ കണ്ണും അടച്ചു ഏല്‍പ്പിക്കാം സൂക്ഷിച്ചു വയ്ക്കാന്‍ അവരുടെ വീട്ടില്‍ സ്ഥലം ഇല്ല എന്നൊക്കെ ചോദിച്ചു മെയില്‍ അയക്കാറുണ്ട്. പല വന്‍ മുതലാളിമാരുടെ ഭാര്യമാര്‍ മുതലാളി മരിച്ചു പോയി മക്കളില്ല നിന്നെ എന്‍റെ മകനെ പോലെ കാണാം നിനക്ക് പൈസ അയക്കട്ടെ എന്നും ചോദിച്ചു കാത്തു നില്‍ക്കുന്നു. ഈ ലോട്ടറിയും കാളുകളും ബാക്കി മെയിലുകളും ഒക്കെ കാണുമ്പോള്‍ എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു. ഇതൊക്കെ കാണുമ്പോള്‍ ഭാഗ്യം ആന്റി എന്‍റെ ചുറ്റിലും തലയുടെ മുകളിലും ആളുകളെ വിട്ടു ബ്രേക്ക്‌ ഡാന്‍സ്, ടപ്പാം കൂത്ത്‌ ഇത്യാദി കലാപരിപാടികള്‍ നടത്തുകയാണോ എന്ന് സംശയം തോന്നാറുണ്ട്. ഇപ്പോള്‍ ഓരോരുത്തര്‍ അയക്കുന്ന മെയിലിനു മറ്റൊരാള്‍ അയച്ച ലോട്ടറി മെയില്‍ അയച്ചാണ് ഞാന്‍ ഇപ്പോള്‍ സമയം കഴിക്കാറുള്ളത്. 

ഇപ്പോള്‍ കൂട്ടുകാരുടെ മെയില്‍ വന്നാലും ലോട്ടറി വിവരങ്ങള്‍ ഒന്നും അല്ലല്ലോ എന്ന് നോക്കി ഉറപ്പു വരുത്തിയിട്ടാണ് നോക്കാറുള്ളത്. എന്ത് ചെയ്യാന്‍ പറ്റും അനുഭവം നമ്മളെ കൂടുതല്‍ ശ്രദ്ധയോടെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്‍റെ കൂട്ടുകാരോട് ഒരു വാക്ക്. ഭാഗ്യം ഹോള്‍ സെയില്‍ ആയി ആന്റി എന്‍റെ കയ്യില്‍ തന്നിട്ടുള്ളത് സത്യം തന്നെ. അത് കൊണ്ട് എന്നെ മനസ്സില്‍ ധ്യാനിച്ച്‌ എടുത്തു അടിക്കാതിരിക്കുന്ന ഓരോ ലോട്ടറിക്കും ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.  അന്റിയുമായുള്ള അടുത്ത കൂടി കാഴ്ചയില്‍ ഈ ഭാഗ്യം കൈ മാറ്റം ചെയ്യാന്‍ വകുപ്പുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വല്ല വകുപ്പും ഉണ്ടേല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിര്‍ലോഭം വാടകയ്ക്ക് തരാന്‍ ഞാന്‍ ഒരുക്കം ആണെന്നുള്ള വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. 

ആരുടെ ഗൂഡാലോചന ആണെങ്കിലും എനിക്ക് പ്രശ്നം ഇല്ല. ബില്‍ അങ്കിള്‍, ഭാഗ്യം ആന്റി, എത്തിസലാത്ത്, ബാക്കി പൈസ ഉണ്ടായിട്ടു അയച്ചു തരാം എന്ന് പറഞ്ഞ എല്ലാവരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. സത്യായിട്ടും അത്യാവശ്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇതൊക്കെ നിരസിച്ചത്‌. ഉള്ളപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു കൊള്ളാം.  നിങ്ങളുടെ എല്ലാം നല്ല മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഹൃദയ വിശാലതയെ എല്ലാവരും മനസിലാക്കി നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഇട വരട്ടെ എന്ന് ആശംസിക്കുന്നു. 
(എന്നോടാ കളി ..... ഞാന്‍ ഭയങ്കര സംഭവം തന്നെ.... ഹൃദയ വിശാലതയുടെ മറ്റൊരു പര്യായം)

Sunday, September 19, 2010

ഓട്ടം ...





നിങ്ങള്‍ക്കറിയോ നിങ്ങളറിയാത്ത നിങ്ങളിലെ നിങ്ങളെ? ചോദ്യം കേട്ടതും ഠപ്പേ!!! എന്ന് കരണത്ത് പൊട്ടിയതും തമ്മിലുള്ള സമയ വ്യത്യാസം എടുത്തു നോക്കിയാല്‍ ഏകദേശം .. അതായത് .... നാലും മൂന്നും ഏഴു .. ഏഴും നാലും പതിനൊന്നു.. ... .... പിന്നേ!!!!...... സമയ വ്യത്യാസം എടുക്കാന്‍ പോണു. കൊണ്ടത്‌ കൊണ്ടു. ഇനി അടുത്ത നടപടികളിലേക്ക് അവന്‍ കടക്കുന്നതിനു മുന്‍പ് ഓടി രക്ഷപെടാന്‍ നോക്കുമോ അതോ കണക്കു കൂട്ടുമോ ? ഓടി..... ഒരോട്ടം..... ജീവിതത്തിന്റെ ഓട്ടത്തിന്റെ കണക്കു പുസ്തകത്തിലേക്ക് കണക്കു കുറിക്കാത്ത ഒരോട്ടം കൂടി.

[എന്റെ മനസിലേക്ക് പെട്ടെന്ന് കടന്നു വന്ന ഒരു ചിന്തയാണിത്. എങ്ങനെ വന്നെന്നോ എന്ത് കൊണ്ടു വന്നെന്നോ എനിക്കറിയില്ല. എനിക്ക് ഇങ്ങനെ ഒരു പരിചയവും ഇല്ല. എന്തായാലും ഇവിടെ കുറിക്കുന്നു (കണക്കു വയ്ക്കുന്നു)]

Saturday, September 18, 2010

പകലിന്‍റെ നഷ്ടം


നീല നിലാവിന്റെ നിശീഥിനിയില്‍
അകലയാം പകലിന്റെ ഓര്‍മയുമായ്
അരികിലെക്കണയുന്ന നഷ്ട സന്ധ്യേ നിന്‍റെ
പകലെന്ന കാമുകനെ നീയറിയുന്നുവോ

ജീവിത മരീചിക
























അറിയാതെ അകലുമ്പോള്‍ അറിയുന്നൂ ഞാനിഹെ
പറയാനറിയാത്ത തേങ്ങലിന്‍ നൊമ്പരം

ഒരു കുഞ്ഞു ദീപമായി എരിയുന്നൂ ഞാനിഹെ
ഇരുളിന്റെ കാണാകയങ്ങളില്‍ ചെല്ലുവാന്‍

ആഴിയിന്‍ ആഴങ്ങള്‍ തേടിയലയുന്ന ഒരു
കുഞ്ഞു മീനിനെ പോലെയെന്‍ മാനസം

മോഹങ്ങള്‍ തന്നീടും ലോകമെന്നാകിലും
മിന്നുന്നു മായ തന്‍ വിസ്മയ കാഴ്ച്ചയില്‍

തീര്‍ന്നിടാം ഈ ചപല ജീവിതം എപ്പോഴും
അതിനായിട്ടല്ലേ ഞാന്‍ കാത്തിരിക്കുന്നതും

ഒരു മന്ദ മാരുതന്‍ തീര്‍ത്തിടും സ്വപ്‌നങ്ങള്‍
ക്കതിലേറെ ആയുസിലെന്നോര്‍ക്കുക എന്നും നീ ....

പ്രശാന്ത് കെ

Wednesday, September 15, 2010

ഓര്‍മകളിലേക്ക് ഒരു മടക്കം .


ഇന്നെന്തോ പതിവിലും നല്ല ഉന്‍മേഷം തോന്നുന്നു. ഒരു നല്ല ദിവസം എനിക്കിപ്പോള്‍ രുചിച്ചറിയാന്‍ സാധിക്കുന്നു. പതിവിനു വിപരീതമായി ഇപ്പോള്‍ ജോലിക്ക് വരുന്ന യാത്രയില്‍ വണ്ടിയില്‍ ഇരുന്നു ഉറങ്ങാറുണ്ട്. അബു ദാബി സിറ്റി അടുത്തപ്പോള്‍ ഒരു സിഗ്നലില്‍ വച്ച് കുറച്ചു കുട്ടികളെയും കൊണ്ട് ഒരു ടൊയോട്ട ഹയാസ് (നാട്ടിലെ ഒമ്നിയോട് സാദൃശ്യം) ഞങ്ങളുടെ വാഹനത്തിനു വലതു വശത്തായി വന്നു നിന്നു. അതില്‍ നിന്നും കുറച്ചു കുട്ടികള്‍ (നാല് വയസോ അഞ്ചു വയസോ കാണും പ്ലേ സ്കൂളില്‍ പോക്കുന്നവര്‍ ആകും.) എന്നെ നോക്കി കൈ വീശുന്നുണ്ടായിരുന്നു. സത്യത്തില്‍ ഉറക്കത്തിന്റെ ക്ഷീണം മൂലം ആദ്യം അവരെ അങ്ങനെ ശ്രദ്ധിക്കാന്‍ പറ്റിയില്ല. പക്ഷെ അവരെ കണ്ടതോടെ എന്റെ ഉറക്കം പോയി. ഇവിടെ സമ്മര്‍ വെക്കേഷന്‍ കഴിഞ്ഞു സ്കൂള്‍ എല്ലാം ആരംഭിച്ചിരിക്കുന്നു. ഞാന്‍ അവരെ നോക്കി കൊണ്ടിരിക്കേ തന്നെ സിഗ്നല്‍ ഓപ്പണ്‍ ആയി. ഞങ്ങള്‍ക്ക് ഇടത്തേക്ക് ആയിരുന്നു പോകേണ്ടത് അതിനാല്‍ അധികം നേരം അവരെ കാണാന്‍ പറ്റിയില്ല.

ആ കുട്ടികളെ കണ്ടപ്പോള്‍ എന്‍റെ ചിന്ത എന്‍റെ ബാല്യ കാലത്തിലേക്ക് എന്നെ കൊണ്ട് പോയി. എത്ര രസമായിരുന്നു ആ സമയങ്ങള്‍ . അന്ന് കരുതി മുതിര്‍ന്നു ഒരു ജോലി ഒക്കെ ആയി കഴിയുമ്പോഴാ നല്ലത് എന്ന്. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു എനിക്ക് നഷ്ടപ്പെട്ട് പോയ ആ സമയങ്ങളെ കുറിച്ച്. പശ്ചാത്താപം എനിക്ക് ഒട്ടും തന്നെ തോന്നുന്നില്ല കാരണം ഞാന്‍ ശരിക്കും ആസ്വദിച്ച സമയങ്ങള്‍ ആയിരുന്നു അവ. എന്ത് ശരി എന്ത് തെറ്റ് എന്ന് തിരിച്ചറിയാത്ത ആ ഒരു നിഷ്കളങ്കത എനിക്കൊക്കെ എന്നെ നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ ശരിയും തെറ്റും തിരിച്ചറിയാം എന്നത് തന്നെയാണ് എന്‍റെ ഏറ്റവും വലിയ ബലഹീനതയായി തോന്നുന്നത്.

എനിക്ക് ഇവിടെ പഠിക്കുന്ന കുട്ടികളോട് സഹതാപം തോന്നാറുണ്ട്. കാരണം ഇവിടെ ജീവിതം ഇല്ല. ഇവര്‍ കണ്ടു വളരുന്ന സംസ്കാരം ഷോപ്പിംഗ്‌ മാള്‍ സംസ്കാരം ആണ്. എല്ലാം റെഡി മെയ്ഡ് ആയി കിട്ടുന്ന ഒരു ലോകം. പക്ഷെ ഈ വിചാരവും ആയി ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടെ കണ്ടതും വളരെ വ്യത്യാസം ഒന്നും പറയാത്ത ജീവിതം തന്നെ. കുട്ടികള്‍ക്ക് അവരുടെ ബാല്യം ഒരു പരിധി വരെ നഷ്ടമായി കൊണ്ടിരിക്കുന്നു. അതിവിടെയും അവിടെയും എല്ലാം ഒരു പോലെ തന്നെ. ഇവിടെ ജനിച്ചു വളര്‍ന്ന പല കുട്ടികളോടും കേരളത്തെ കുറിച്ച് ചോദിച്ചാല്‍ എന്‍റെ പപ്പായുടേം മമ്മായുടെം നാടാണ് കേരളം എന്ന് അവര്‍ അഭിമാനത്തോടു പറയുന്നത് കേള്‍ക്കാം. എന്‍റെ മനസ്സില്‍ പലപ്പോഴും വരുന്ന ഒരു ചോദ്യം ആണ് എന്താ അവര്‍ അവരുടെ നാടാണ് കേരളം എന്ന് പറയാത്തതെന്ന്. പപ്പയുടേയും മമ്മയുടെയും നാട് നമ്മുടെ നാട് തന്നെ അല്ലെ ?

ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്‍റെ കുട്ടിക്കാലം. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സമയം എന്‍റെ ഹൈ സ്കൂള്‍ പഠന സമയം ആയിരുന്നു. സൈജൂ, സാംജി എന്നിങ്ങനെ രണ്ടു പേരായിരുന്നു എനിക്ക് അന്ന് സ്കൂളിലേക്കുള്ള പോക്കിലും വരവിലും സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. അന്നതെയൊക്കെ ജീവിതം അത് ഇപ്പോഴും വല്ലാത്ത ഒരു സന്തോഷം തരുന്നു. പാടങ്ങള്‍ക്കു ഇടയിലൂടെ വെട്ടിയിരിക്കുന്ന വരമ്പിലൂടെ യാത്ര ചെയ്യാന്‍ എനിക്ക് അന്നും ഇന്നും കൊതിയാണ്. കാരണം ആ പച്ചപ്പ്‌ കണ്ണിനു നല്‍കുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഞങ്ങള്‍ക്ക് വീട്ടിലേക്കു പോകാന്‍ ധാരാളം വഴികള്‍ ഉണ്ടായാലും ഞങ്ങള്‍ സ്ഥിരം വയലുകള്‍ തോറും കറങ്ങി തോടുകളില്‍ നിന്നു മീന്‍ പിടിച്ചു കുളങ്ങളില്‍ നിന്നു ആമ്പലും താമരയും പറിച്ചെടുത്തു അവിടെ അടുത്തുള്ള അയ്യപ്പന്‍ കോവിലില്‍ നിന്നു പ്രസാദമായി കിട്ടിയിരുന്ന പായസം കഴിച്ചു നാട്ടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക, സപ്പോര്‍ട്ട അങ്ങനെ കിട്ടുന്നതെല്ലാം കഴിച്ചു കാണുന്ന പൊട്ട കിണറുകളില്‍ മണ്ണും വാരിയിട്ടു സ്വയം ആസ്വദിച്ചിരുന്നു. ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുന്ന സമയം ആകുമ്പോള്‍ വീട്ടുകാര്‍ എല്ലാം ഇറങ്ങി അവരുടെ മരത്തിന്റെ അടുത്ത് വന്നു നില്‍ക്കുമായിരുന്നു. കണ്ണ് തെറ്റിയാല്‍ ആ മരത്തില്‍ നില്‍ക്കുന്നത് അടിച്ചോണ്ട് പോകും. ഇങ്ങനെ ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ചിലരൊക്കെ നേരത്തെ പറിച്ചു വച്ചിരിക്കും ഞങ്ങള്‍ക്ക് തരാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ മരത്തില്‍ എറിഞ്ഞു അവരുടെ വീടിന്റെ ഓടു ഒക്കെ തകര്‍ത്തു കളയും.

ചിലപ്പോള്‍ വീടുകള്‍ അടുത്തില്ലാത്ത പറമ്പുകളില്‍ കയറി വാഴ പഴം ഇരിഞ്ഞു അവരുടെ പറമ്പില്‍ തന്നെ തെങ്ങിന്റെ തടങ്ങളിലും മറ്റും പഴുപ്പിക്കാന്‍ കുഴിച്ചിടും. മൂന്നു ദിവസം കഴിഞ്ഞു കുഴി തുറന്നു നോക്കാം എന്ന കണക്കു പറയുമെങ്കിലും ഓരോ ദിവസവും ഉള്ള ആ ആകാംഷ അത് ഞങ്ങളെ എല്ലാ ദിവസവും അതിന്‍റെ പരുവം നോക്കാന്‍ നിര്‍ബന്ധിക്കും. ചക്ക പഴം മരത്തില്‍ നിര്‍ത്തി പഴുപ്പിക്കാന്‍ അതില്‍ ആണി തറയ്ക്കുക ഒരു വിനോദം ആയിരുന്നു അന്ന്. മഴ തുടങ്ങിയാല്‍ പിന്നെ സംഗതി കുശാലാണ്. അവിടെ ചില ഇടങ്ങളില്‍ മഴ സമയത്ത് തോടുകള്‍ ഉണ്ടാകാറുണ്ട്. അതിന്‍റെ ഉറവിടം തേടി നടക്കുക. വെള്ളം ഉറവ പൊട്ടി ചാടുന്നത് അത്ഭുതത്തോടെ നോക്കി കാണുക അതില്‍ കാണുന്ന മീനുകള്‍ എങ്ങനെ വന്നു എന്ന് തേടി നടക്കുക, ചെരുപ്പുകളില്‍ പേരെഴുതി ഒഴുക്കി വിടുക. ചിലപ്പോഴൊക്കെ അങ്ങനെ ചെരുപ്പുകള്‍ ഒഴുകി പോയിട്ടും ഉണ്ട്. മഴയത്തു എല്ലാവരെയും കൂട്ടി ക്രിക്കറ്റ്‌ കളിക്കുക. പറയാന്‍ തുടങ്ങിയാല്‍ നില്‍ക്കില്ല. ലിസ്റ്റ് നീളും.

നാട്ടിലെ അമ്പലത്തില്‍ ഉത്സവം തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ ആയിരിക്കും താമസം. മിക്കവാറും മധ്യ വേണം അവധി കാലത്താണ് നാട്ടില്‍ ഉത്സവം നടക്കാറു. അത് കൊണ്ട് തന്നെ വീട്ടുക്കാരും ഒന്നും പറയില്ല. രാത്രി നാടകം, മിമിക്സ്, ഗാനമേള ഇവയൊക്കെ ഉണ്ടായാല്‍ ഒരു കാരണവശാലും വിടില്ല. മോഹന്‍ ലാല്‍ പറയുന്ന ഡയലോഗ് ഞങ്ങളില്‍ നിന്നു കടം എടുത്തതാണോ എന്ന് സംശയം തോന്നി പോകും. ഞങ്ങള്‍ ഇല്ലാതെ എന്ത് ആഘോഷം. നാട്ടില്‍ എവിടെ ഗാനമേള ഉണ്ടോ അവിടെയെല്ലാം പാഞ്ഞെത്തും. കൂട്ടുകാരെന്നു പറഞ്ഞാല്‍ എവിടെ പോയാലും കാണും എല്ലായിടത്തും കുറെയെണ്ണം. ഇങ്ങനെയുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ എഴുതിയാലും ചിലപ്പോള്‍ തീരാത്ത അത്രയും അനുഭവങ്ങള്‍ ....

നമ്മുടെ സൌഭാഗ്യം എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് അല്ലെങ്കില്‍ ഇപ്പോഴുള്ള തലമുറയ്ക്ക് നിഷേധിക്കപെടുന്നു. നാട്ടിന്‍ പുറം സത്യത്തില്‍ അതാണ്‌ സ്വര്‍ഗം. അവിടെ ജീവിച്ചു എന്നുള്ള ഒരു അഭിമാനം എനിക്കിപ്പോഴും ഉണ്ട്. വെറുതെ ജീവിച്ചു മരിച്ചു എന്നല്ല. തിരിഞ്ഞു നോക്കുമ്പോള്‍ എന്തെങ്കിലും ഇങ്ങനെ ഓര്‍മയുടെ ചെപ്പില്‍ നിന്നു ചികഞ്ഞെടുക്കുവാന്‍ സാധിക്കുമെങ്കില്‍ ചിലപ്പോള്‍ ഒറ്റയ്ക്കാകുമ്പോഴും നമുക്ക് സ്വയം ആശ്വസിക്കുവാന്‍ അല്ലെങ്കില്‍ ആസ്വദിക്കുവാന്‍ സാധിക്കും.

പ്രശാന്ത്

Thursday, September 9, 2010

ആ കണ്ണ് നീരിന്‍റെ തീവ്രത ( 09.09.2010 )

ആ കണ്ണ് നീരിന്‍റെ തീവ്രത ( 09.09.2010 )
==============================

പതിവ് പോലെ ഞാന്‍ ജോലി കഴിഞ്ഞു അബു ദാബിയില്‍ നിന്ന് ദുബായിലേക്ക് മടങ്ങി വരികയായിരുന്നു. റമദാന്‍ പ്രമാണിച്ച് രണ്ടു ദിവസം അവധി ആയതു കൊണ്ട് വളരെ സന്തോഷത്തോടു കൂടെ ആയിരുന്നു യാത്ര. ഒരു തമിഴനും ഒരു എത്യോപ്പ്യ ക്കാരനുമാണ് ഇപ്പോള്‍ എന്റെ കൂടെ യാത്രയില്‍ ഉള്ളത്. അവരെ പ്രൊജക്റ്റ്‌ സൈറ്റില്‍ നിന്നും പിക്ക് ചെയ്യണം. ഡ്രൈവര്‍ പട്ടാണിയും ഉണ്ട്.

നല്ല ടീം ആയതു കൊണ്ട് യാത്ര വിരസം ആകാറില്ല പലപ്പോഴും. വാഹനത്തിനു വേഗത കൂടുന്നതിനനുസരിച്ച് എനിക്ക് യാത്ര ചെയ്യാനുള്ള ആവേശം കൂടി വരാറുണ്ട്. അങ്ങനെ അബു ദാബി - ദുബായ് യാത്രയിലെ ഏകദേശം മധ്യ ഭാഗത്തായുള്ള സംഹയില്‍ ഉള്ള മസ്ജിദില്‍ പട്ടാണിയുടെ നമാസും (പ്രാര്‍ത്ഥന) കഴിഞ്ഞു വരുമ്പോഴാണ് പെട്ടന്ന് ട്രാഫിക്‌ ബ്ലോക്ക്‌ ശ്രദ്ധയില്‍ പെട്ടത്. അക്സിടെന്റ്റ് ആകാം എന്ന് അപ്പോഴേ ഉറപ്പിച്ചു. അബു ദാബിയില്‍ എപ്പോഴൊക്കെ അക്സിടെന്റ്റ് കണ്ടിട്ടുണ്ടോ അവിടെയെല്ലാം ഏറ്റവും കുറഞ്ഞത്‌ നാല് വാഹനങ്ങള്‍ എങ്കിലും ഉണ്ടാകും. അത് ഞങ്ങള്‍ പരസ്പരം പറയുകയും ചെയ്തു. അക്സിടെന്റ്റ് നടന്നിട്ട് അധികം സമയം ആയിരുന്നില്ല. അത്രയ്ക്കും തിരക്ക് ഉണ്ടായിരുന്നു ആ സമയത്ത് റോഡില്‍. ആംബുലന്‍സും പോലീസും ഞങ്ങളുടെ വാഹനത്തെ കടന്നു മുന്നോട്ടു പോയി കൊണ്ടിരുന്നു. ഏകദേശം പത്തു മിനിറ്റ് എങ്കിലും എടുത്തു ആ ട്രാഫിക്‌ ബ്ലോക്കില്‍ നിന്ന് മുന്നില്‍ എത്തുവാന്‍. അവിടെ ഞങ്ങള്‍ പറഞ്ഞത് പോലെ തന്നെ നാലു വാഹനങ്ങള്‍ എല്ലാം റോഡിന്‍റെ വശത്തേക്ക് ഒതുക്കി ഇട്ടിരിക്കുന്നു.

എപ്പോഴും കാണുന്ന പോലെ ഒരു ആക്സിടെന്റ്റ് അതിനപ്പുറം ഞാനും പ്രതീക്ഷിച്ചില്ല, പക്ഷെ കുറച്ചു കൂടെ മുന്നിലേക്ക്‌ പോയപ്പോഴാണ് ആ ആക്സിടെന്റിന്റെ ചൂടാറാത്ത ദൃശ്യങ്ങള്‍ കാണേണ്ടി വരും എന്ന് എനിക്ക് മനസിലായത് . തകര്‍ന്നു കിടക്കുന്ന വണ്ടിയില്‍ സഞ്ചരിച്ച വ്യക്തിയാകണം. ആണോ പെണ്ണോ എന്ന് പോലും അറിയില്ല ഒരു പുതപ്പില്‍ പൊതിഞ്ഞു ആംബുലന്‍സില്‍ കയറ്റുന്നു. അതിനും കുറച്ചു അകലെയായി പരുക്കുകള്‍ ഒന്നും പ്രകടമായി കാണാത്ത ഒരു സ്ത്രീ ആ പുതപ്പില്‍ പൊതിഞ്ഞ ശരീരത്തെ നോക്കി ആ ഒഴുക്കുന്ന കണ്ണുനീര്‍ അത് എന്‍റെ മനസ്സില്‍ ആഴത്തില്‍ തറച്ചു ഒരു കുന്തം കൊണ്ട് കുത്തുന്നത് പോലെ ഒരു വേദന ഉണ്ടാക്കി.

ആ കണ്ണുനീര്‍ അതില്‍ നിന്നും ആ പുതപ്പിന് അടിയില്‍ കിടക്കുന്ന വ്യക്തി ആ സ്ത്രീയുടെ എത്ര മാത്രം പ്രിയപ്പെട്ട വ്യക്തി ആയിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. ചിലപ്പോള്‍ ആ സ്ത്രീയുടെ മാതാപിതാക്കളില്‍ ആരോ ആകാം. ചിലപ്പോള്‍ തന്റെ പങ്കാളി ആയിരുന്നിരിക്കാം അതും അല്ലെങ്കില്‍ ആ സ്ത്രീയുടെ മകനോ മകളോ ആകാം അതും അല്ലെങ്കില്‍ സുഹൃത്ത് ആയിരിക്കാം. ആരായിരുന്നാലും അത് ഒരു നഷ്ടം തന്നെ അല്ലെ. ഒരിക്കലും നികത്തുവാന്‍ കഴിയാത്ത ഒരു നഷ്ടം. ഒരു നിമിഷത്തെ ശ്രദ്ധ കുറവ് അത് മതി എല്ലാം കഴിയാന്‍. ആ നിമിഷം വരെ ആ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന ആ പ്രിയപ്പെട്ട ആ വ്യക്തി ഇനി ഓര്‍മയിലേക്ക് മറയുന്നു. ആ സ്ത്രീയ്ക്ക് എന്നും ഒരു വിഷമം അല്ലെങ്കില്‍ ഷോക്ക്‌ ആയിരിക്കും ആ ഒരു സംഭവം എന്ന് എനിക്ക് തോന്നുന്നു, ഒരുമിച്ചു യാത്ര ചെയ്യാന്‍ ഇനി ആ വ്യക്തി അവരോടൊപ്പം ഇല്ല. ആ സ്ത്രീ ഒഴുക്കുന്ന കണ്ണുനീര്‍ അതിനു ആ നഷ്ടം നികത്താന്‍ ഒരിക്കലും ആവില്ല.

(മണിക്കൂറില്‍ 160 km വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ഹൈ വേയില്‍ സഞ്ചരിക്കാന്‍ അനുമതി ഉണ്ട്. അനുമതി അല്ല 120 km ആണ് സ്പീഡ് ലിമിറ്റ് എഴുതി വച്ചിരിക്കുന്നത് എങ്കിലും 160 km വരെ ക്യാമറ അടിക്കില്ല, ഫൈനും ഇല്ല.)

ആ കണ്ണുനീര്‍ ആ ബ്ലോക്കില്‍ പെട്ട ഒരു വിധം എല്ലാരും കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു. ആ കണ്ണുനീര്‍ ആരുടെയെങ്കിലും മനസ്സില്‍ പതിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞാന്‍ അറിയാതെ അങ്ങ് മനസ്സില്‍ പറയുന്നുണ്ടായിരുന്നു. എനിക്ക് റോഡില്‍ ശ്രദ്ധിക്കാതെ ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല പതുങ്ങിയിരിക്കുന്ന ഒരു അപകടത്തെയല്ല ഒരു അപകടം മൂലം ഒഴുക്കപെട്ടെക്കാവുന്ന ചില വ്യക്തികളുടെ കണ്ണ് നീര്‍ ആയിരുന്നു ഞാന്‍ എല്ലായിടത്തും കണ്ടു കൊണ്ടിരുന്നത്. പെട്ടന്ന് എത്തുവാന്‍ കൊതിച്ചു കൊണ്ടിരുന്ന ഞാന്‍ എന്തിനാണ് ഇങ്ങനെ വേഗത കൂട്ടി ജീവിതം നശിപ്പിക്കുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു. എന്ത് കൊണ്ട് ആരും ഇത് മനസിലാക്കുന്നില്ല. ഒരേയൊരു നിമിഷം കൊണ്ട് നശിപ്പിക്കാന്‍ ഉള്ളതാണോ നമ്മുടെ ഈ ജീവിതം. അതും ഒരു നിമിഷത്തെ ശ്രദ്ധ കുറവ് കൊണ്ട്. ഞാന്‍ ഇത് എഴുതുമ്പോഴും എനിക്ക് ആ സ്ത്രീയുടെ കണ്ണ് നീര്‍ കാണാം. ചിലപ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നീര്‍ നിന്ന് പോകും. പക്ഷെ എന്‍റെ മനസ്സില്‍ പതിഞ്ഞ ആ കണ്ണ് നീരിന്‍റെ തീവ്രത ഞാന്‍ എത്ര പറഞ്ഞാലും എഴുതിയാലും ആരോടും വിശദീകരിക്കാന്‍ പറ്റിയെന്നു വരില്ല.

വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഓരോരുത്തരോടും എനിക്ക് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉള്ളത്. ഒരു നേരത്തെ അശ്രദ്ധ നിങ്ങളുടെ പ്രിയപെട്ടവരെ ചിലപ്പോള്‍ അനാഥര്‍ ആക്കിയേക്കാം. നിങ്ങളെക്കാള്‍ നിങ്ങളെ ആവശ്യം ഉള്ള പ്രായമായ മാതാപിതാക്കളോ പങ്കാളിയോ കുട്ടികളോ നിങ്ങള്ക്ക് ഉണ്ടായേക്കാം. അവര്‍ക്ക് വേണ്ടി എങ്കിലും ശ്രദ്ധയോടെ വാഹനം കൈ കാര്യം ചെയ്യുക. നിങ്ങള്‍ ചിന്തിച്ചു നോക്കുക നിങ്ങള്ക്ക് എന്തെങ്കിലും അംഗ ഭംഗം വന്നു ജീവിത കാലം മുഴുവന്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥ. എല്ലാം നമുക്ക് ഒഴിവാക്കാം. അതിനുള്ള ഒരു തീരുമാനം എടുക്കുവാന്‍ നിങ്ങള്ക്ക് സാധിക്കണം അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

പ്രശാന്ത് കെ