ആ കുട്ടികളെ കണ്ടപ്പോള്‍ എന്‍റെ ചിന്ത എന്‍റെ ബാല്യ കാലത്തിലേക്ക് എന്നെ കൊണ്ട് പോയി. എത്ര രസമായിരുന്നു ആ സമയങ്ങള്‍ . അന്ന് കരുതി മുതിര്‍ന്നു ഒരു ജോലി ഒക്കെ ആയി കഴിയുമ്പോഴാ നല്ലത് എന്ന്. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു എനിക്ക് നഷ്ടപ്പെട്ട് പോയ ആ സമയങ്ങളെ കുറിച്ച്. പശ്ചാത്താപം എനിക്ക് ഒട്ടും തന്നെ തോന്നുന്നില്ല കാരണം ഞാന്‍ ശരിക്കും ആസ്വദിച്ച സമയങ്ങള്‍ ആയിരുന്നു അവ. എന്ത് ശരി എന്ത് തെറ്റ് എന്ന് തിരിച്ചറിയാത്ത ആ ഒരു നിഷ്കളങ്കത എനിക്കൊക്കെ എന്നെ നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ ശരിയും തെറ്റും തിരിച്ചറിയാം എന്നത് തന്നെയാണ് എന്‍റെ ഏറ്റവും വലിയ ബലഹീനതയായി തോന്നുന്നത്.
എനിക്ക് ഇവിടെ പഠിക്കുന്ന കുട്ടികളോട് സഹതാപം തോന്നാറുണ്ട്. കാരണം ഇവിടെ ജീവിതം ഇല്ല. ഇവര്‍ കണ്ടു വളരുന്ന സംസ്കാരം ഷോപ്പിംഗ് മാള്‍ സംസ്കാരം ആണ്. എല്ലാം റെഡി മെയ്ഡ് ആയി കിട്ടുന്ന ഒരു ലോകം. പക്ഷെ ഈ വിചാരവും ആയി ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അവിടെ കണ്ടതും വളരെ വ്യത്യാസം ഒന്നും പറയാത്ത ജീവിതം തന്നെ. കുട്ടികള്‍ക്ക് അവരുടെ ബാല്യം ഒരു പരിധി വരെ നഷ്ടമായി കൊണ്ടിരിക്കുന്നു. അതിവിടെയും അവിടെയും എല്ലാം ഒരു പോലെ തന്നെ. ഇവിടെ ജനിച്ചു വളര്‍ന്ന പല കുട്ടികളോടും കേരളത്തെ കുറിച്ച് ചോദിച്ചാല്‍ എന്‍റെ പപ്പായുടേം മമ്മായുടെം നാടാണ് കേരളം എന്ന് അവര്‍ അഭിമാനത്തോടു പറയുന്നത് കേള്‍ക്കാം. എന്‍റെ മനസ്സില്‍ പലപ്പോഴും വരുന്ന ഒരു ചോദ്യം ആണ് എന്താ അവര്‍ അവരുടെ നാടാണ് കേരളം എന്ന് പറയാത്തതെന്ന്. പപ്പയുടേയും മമ്മയുടെയും നാട് നമ്മുടെ നാട് തന്നെ അല്ലെ ?
ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു എന്‍റെ കുട്ടിക്കാലം. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സമയം എന്‍റെ ഹൈ സ്കൂള്‍ പഠന സമയം ആയിരുന്നു. സൈജൂ, സാംജി എന്നിങ്ങനെ രണ്ടു പേരായിരുന്നു എനിക്ക് അന്ന് സ്കൂളിലേക്കുള്ള പോക്കിലും വരവിലും സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. അന്നതെയൊക്കെ ജീവിതം അത് ഇപ്പോഴും വല്ലാത്ത ഒരു സന്തോഷം തരുന്നു. പാടങ്ങള്‍ക്കു ഇടയിലൂടെ വെട്ടിയിരിക്കുന്ന വരമ്പിലൂടെ യാത്ര ചെയ്യാന്‍ എനിക്ക് അന്നും ഇന്നും കൊതിയാണ്. കാരണം ആ പച്ചപ്പ് കണ്ണിനു നല്‍കുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഞങ്ങള്‍ക്ക് വീട്ടിലേക്കു പോകാന്‍ ധാരാളം വഴികള്‍ ഉണ്ടായാലും ഞങ്ങള്‍ സ്ഥിരം വയലുകള്‍ തോറും കറങ്ങി തോടുകളില്‍ നിന്നു മീന്‍ പിടിച്ചു കുളങ്ങളില്‍ നിന്നു ആമ്പലും താമരയും പറിച്ചെടുത്തു അവിടെ അടുത്തുള്ള അയ്യപ്പന്‍ കോവിലില്‍ നിന്നു പ്രസാദമായി കിട്ടിയിരുന്ന പായസം കഴിച്ചു നാട്ടുകാരുടെ പറമ്പില്‍ നില്‍ക്കുന്ന പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക, സപ്പോര്‍ട്ട അങ്ങനെ കിട്ടുന്നതെല്ലാം കഴിച്ചു കാണുന്ന പൊട്ട കിണറുകളില്‍ മണ്ണും വാരിയിട്ടു സ്വയം ആസ്വദിച്ചിരുന്നു. ഞങ്ങള്‍ സ്കൂള്‍ വിട്ടു വരുന്ന സമയം ആകുമ്പോള്‍ വീട്ടുകാര്‍ എല്ലാം ഇറങ്ങി അവരുടെ മരത്തിന്റെ അടുത്ത് വന്നു നില്‍ക്കുമായിരുന്നു. കണ്ണ് തെറ്റിയാല്‍ ആ മരത്തില്‍ നില്‍ക്കുന്നത് അടിച്ചോണ്ട് പോകും. ഇങ്ങനെ ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ചിലരൊക്കെ നേരത്തെ പറിച്ചു വച്ചിരിക്കും ഞങ്ങള്‍ക്ക് തരാന്‍ അല്ലെങ്കില്‍ ഞങ്ങള്‍ മരത്തില്‍ എറിഞ്ഞു അവരുടെ വീടിന്റെ ഓടു ഒക്കെ തകര്‍ത്തു കളയും.
ചിലപ്പോള്‍ വീടുകള്‍ അടുത്തില്ലാത്ത പറമ്പുകളില്‍ കയറി വാഴ പഴം ഇരിഞ്ഞു അവരുടെ പറമ്പില്‍ തന്നെ തെങ്ങിന്റെ തടങ്ങളിലും മറ്റും പഴുപ്പിക്കാന്‍ കുഴിച്ചിടും. മൂന്നു ദിവസം കഴിഞ്ഞു കുഴി തുറന്നു നോക്കാം എന്ന കണക്കു പറയുമെങ്കിലും ഓരോ ദിവസവും ഉള്ള ആ ആകാംഷ അത് ഞങ്ങളെ എല്ലാ ദിവസവും അതിന്‍റെ പരുവം നോക്കാന്‍ നിര്‍ബന്ധിക്കും. ചക്ക പഴം മരത്തില്‍ നിര്‍ത്തി പഴുപ്പിക്കാന്‍ അതില്‍ ആണി തറയ്ക്കുക ഒരു വിനോദം ആയിരുന്നു അന്ന്. മഴ തുടങ്ങിയാല്‍ പിന്നെ സംഗതി കുശാലാണ്. അവിടെ ചില ഇടങ്ങളില്‍ മഴ സമയത്ത് തോടുകള്‍ ഉണ്ടാകാറുണ്ട്. അതിന്‍റെ ഉറവിടം തേടി നടക്കുക. വെള്ളം ഉറവ പൊട്ടി ചാടുന്നത് അത്ഭുതത്തോടെ നോക്കി കാണുക അതില്‍ കാണുന്ന മീനുകള്‍ എങ്ങനെ വന്നു എന്ന് തേടി നടക്കുക, ചെരുപ്പുകളില്‍ പേരെഴുതി ഒഴുക്കി വിടുക. ചിലപ്പോഴൊക്കെ അങ്ങനെ ചെരുപ്പുകള്‍ ഒഴുകി പോയിട്ടും ഉണ്ട്. മഴയത്തു എല്ലാവരെയും കൂട്ടി ക്രിക്കറ്റ് കളിക്കുക. പറയാന്‍ തുടങ്ങിയാല്‍ നില്‍ക്കില്ല. ലിസ്റ്റ് നീളും.
നാട്ടിലെ അമ്പലത്തില്‍ ഉത്സവം തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ ആയിരിക്കും താമസം. മിക്കവാറും മധ്യ വേണം അവധി കാലത്താണ് നാട്ടില്‍ ഉത്സവം നടക്കാറു. അത് കൊണ്ട് തന്നെ വീട്ടുക്കാരും ഒന്നും പറയില്ല. രാത്രി നാടകം, മിമിക്സ്, ഗാനമേള ഇവയൊക്കെ ഉണ്ടായാല്‍ ഒരു കാരണവശാലും വിടില്ല. മോഹന്‍ ലാല്‍ പറയുന്ന ഡയലോഗ് ഞങ്ങളില്‍ നിന്നു കടം എടുത്തതാണോ എന്ന് സംശയം തോന്നി പോകും. ഞങ്ങള്‍ ഇല്ലാതെ എന്ത് ആഘോഷം. നാട്ടില്‍ എവിടെ ഗാനമേള ഉണ്ടോ അവിടെയെല്ലാം പാഞ്ഞെത്തും. കൂട്ടുകാരെന്നു പറഞ്ഞാല്‍ എവിടെ പോയാലും കാണും എല്ലായിടത്തും കുറെയെണ്ണം. ഇങ്ങനെയുള്ള ധാരാളം അനുഭവങ്ങള്‍ ഉണ്ട്. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ എഴുതിയാലും ചിലപ്പോള്‍ തീരാത്ത അത്രയും അനുഭവങ്ങള്‍ ....
നമ്മുടെ സൌഭാഗ്യം എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് അല്ലെങ്കില്‍ ഇപ്പോഴുള്ള തലമുറയ്ക്ക് നിഷേധിക്കപെടുന്നു. നാട്ടിന്‍ പുറം സത്യത്തില്‍ അതാണ് സ്വര്‍ഗം. അവിടെ ജീവിച്ചു എന്നുള്ള ഒരു അഭിമാനം എനിക്കിപ്പോഴും ഉണ്ട്. വെറുതെ ജീവിച്ചു മരിച്ചു എന്നല്ല. തിരിഞ്ഞു നോക്കുമ്പോള്‍ എന്തെങ്കിലും ഇങ്ങനെ ഓര്‍മയുടെ ചെപ്പില്‍ നിന്നു ചികഞ്ഞെടുക്കുവാന്‍ സാധിക്കുമെങ്കില്‍ ചിലപ്പോള്‍ ഒറ്റയ്ക്കാകുമ്പോഴും നമുക്ക് സ്വയം ആശ്വസിക്കുവാന്‍ അല്ലെങ്കില്‍ ആസ്വദിക്കുവാന്‍ സാധിക്കും.
പ്രശാന്ത്
1 comment:
ഓര്‍മ്മകള്‍ക്ക് എന്നും നല്ല സുഗന്ധം ആയിരിക്കും...
Post a Comment