Followers

Thursday, September 9, 2010

ആ കണ്ണ് നീരിന്‍റെ തീവ്രത ( 09.09.2010 )

ആ കണ്ണ് നീരിന്‍റെ തീവ്രത ( 09.09.2010 )
==============================

പതിവ് പോലെ ഞാന്‍ ജോലി കഴിഞ്ഞു അബു ദാബിയില്‍ നിന്ന് ദുബായിലേക്ക് മടങ്ങി വരികയായിരുന്നു. റമദാന്‍ പ്രമാണിച്ച് രണ്ടു ദിവസം അവധി ആയതു കൊണ്ട് വളരെ സന്തോഷത്തോടു കൂടെ ആയിരുന്നു യാത്ര. ഒരു തമിഴനും ഒരു എത്യോപ്പ്യ ക്കാരനുമാണ് ഇപ്പോള്‍ എന്റെ കൂടെ യാത്രയില്‍ ഉള്ളത്. അവരെ പ്രൊജക്റ്റ്‌ സൈറ്റില്‍ നിന്നും പിക്ക് ചെയ്യണം. ഡ്രൈവര്‍ പട്ടാണിയും ഉണ്ട്.

നല്ല ടീം ആയതു കൊണ്ട് യാത്ര വിരസം ആകാറില്ല പലപ്പോഴും. വാഹനത്തിനു വേഗത കൂടുന്നതിനനുസരിച്ച് എനിക്ക് യാത്ര ചെയ്യാനുള്ള ആവേശം കൂടി വരാറുണ്ട്. അങ്ങനെ അബു ദാബി - ദുബായ് യാത്രയിലെ ഏകദേശം മധ്യ ഭാഗത്തായുള്ള സംഹയില്‍ ഉള്ള മസ്ജിദില്‍ പട്ടാണിയുടെ നമാസും (പ്രാര്‍ത്ഥന) കഴിഞ്ഞു വരുമ്പോഴാണ് പെട്ടന്ന് ട്രാഫിക്‌ ബ്ലോക്ക്‌ ശ്രദ്ധയില്‍ പെട്ടത്. അക്സിടെന്റ്റ് ആകാം എന്ന് അപ്പോഴേ ഉറപ്പിച്ചു. അബു ദാബിയില്‍ എപ്പോഴൊക്കെ അക്സിടെന്റ്റ് കണ്ടിട്ടുണ്ടോ അവിടെയെല്ലാം ഏറ്റവും കുറഞ്ഞത്‌ നാല് വാഹനങ്ങള്‍ എങ്കിലും ഉണ്ടാകും. അത് ഞങ്ങള്‍ പരസ്പരം പറയുകയും ചെയ്തു. അക്സിടെന്റ്റ് നടന്നിട്ട് അധികം സമയം ആയിരുന്നില്ല. അത്രയ്ക്കും തിരക്ക് ഉണ്ടായിരുന്നു ആ സമയത്ത് റോഡില്‍. ആംബുലന്‍സും പോലീസും ഞങ്ങളുടെ വാഹനത്തെ കടന്നു മുന്നോട്ടു പോയി കൊണ്ടിരുന്നു. ഏകദേശം പത്തു മിനിറ്റ് എങ്കിലും എടുത്തു ആ ട്രാഫിക്‌ ബ്ലോക്കില്‍ നിന്ന് മുന്നില്‍ എത്തുവാന്‍. അവിടെ ഞങ്ങള്‍ പറഞ്ഞത് പോലെ തന്നെ നാലു വാഹനങ്ങള്‍ എല്ലാം റോഡിന്‍റെ വശത്തേക്ക് ഒതുക്കി ഇട്ടിരിക്കുന്നു.

എപ്പോഴും കാണുന്ന പോലെ ഒരു ആക്സിടെന്റ്റ് അതിനപ്പുറം ഞാനും പ്രതീക്ഷിച്ചില്ല, പക്ഷെ കുറച്ചു കൂടെ മുന്നിലേക്ക്‌ പോയപ്പോഴാണ് ആ ആക്സിടെന്റിന്റെ ചൂടാറാത്ത ദൃശ്യങ്ങള്‍ കാണേണ്ടി വരും എന്ന് എനിക്ക് മനസിലായത് . തകര്‍ന്നു കിടക്കുന്ന വണ്ടിയില്‍ സഞ്ചരിച്ച വ്യക്തിയാകണം. ആണോ പെണ്ണോ എന്ന് പോലും അറിയില്ല ഒരു പുതപ്പില്‍ പൊതിഞ്ഞു ആംബുലന്‍സില്‍ കയറ്റുന്നു. അതിനും കുറച്ചു അകലെയായി പരുക്കുകള്‍ ഒന്നും പ്രകടമായി കാണാത്ത ഒരു സ്ത്രീ ആ പുതപ്പില്‍ പൊതിഞ്ഞ ശരീരത്തെ നോക്കി ആ ഒഴുക്കുന്ന കണ്ണുനീര്‍ അത് എന്‍റെ മനസ്സില്‍ ആഴത്തില്‍ തറച്ചു ഒരു കുന്തം കൊണ്ട് കുത്തുന്നത് പോലെ ഒരു വേദന ഉണ്ടാക്കി.

ആ കണ്ണുനീര്‍ അതില്‍ നിന്നും ആ പുതപ്പിന് അടിയില്‍ കിടക്കുന്ന വ്യക്തി ആ സ്ത്രീയുടെ എത്ര മാത്രം പ്രിയപ്പെട്ട വ്യക്തി ആയിരിക്കും എന്ന് ഞാന്‍ ചിന്തിച്ചു. ചിലപ്പോള്‍ ആ സ്ത്രീയുടെ മാതാപിതാക്കളില്‍ ആരോ ആകാം. ചിലപ്പോള്‍ തന്റെ പങ്കാളി ആയിരുന്നിരിക്കാം അതും അല്ലെങ്കില്‍ ആ സ്ത്രീയുടെ മകനോ മകളോ ആകാം അതും അല്ലെങ്കില്‍ സുഹൃത്ത് ആയിരിക്കാം. ആരായിരുന്നാലും അത് ഒരു നഷ്ടം തന്നെ അല്ലെ. ഒരിക്കലും നികത്തുവാന്‍ കഴിയാത്ത ഒരു നഷ്ടം. ഒരു നിമിഷത്തെ ശ്രദ്ധ കുറവ് അത് മതി എല്ലാം കഴിയാന്‍. ആ നിമിഷം വരെ ആ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന ആ പ്രിയപ്പെട്ട ആ വ്യക്തി ഇനി ഓര്‍മയിലേക്ക് മറയുന്നു. ആ സ്ത്രീയ്ക്ക് എന്നും ഒരു വിഷമം അല്ലെങ്കില്‍ ഷോക്ക്‌ ആയിരിക്കും ആ ഒരു സംഭവം എന്ന് എനിക്ക് തോന്നുന്നു, ഒരുമിച്ചു യാത്ര ചെയ്യാന്‍ ഇനി ആ വ്യക്തി അവരോടൊപ്പം ഇല്ല. ആ സ്ത്രീ ഒഴുക്കുന്ന കണ്ണുനീര്‍ അതിനു ആ നഷ്ടം നികത്താന്‍ ഒരിക്കലും ആവില്ല.

(മണിക്കൂറില്‍ 160 km വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ ഈ ഹൈ വേയില്‍ സഞ്ചരിക്കാന്‍ അനുമതി ഉണ്ട്. അനുമതി അല്ല 120 km ആണ് സ്പീഡ് ലിമിറ്റ് എഴുതി വച്ചിരിക്കുന്നത് എങ്കിലും 160 km വരെ ക്യാമറ അടിക്കില്ല, ഫൈനും ഇല്ല.)

ആ കണ്ണുനീര്‍ ആ ബ്ലോക്കില്‍ പെട്ട ഒരു വിധം എല്ലാരും കണ്ടിട്ടുണ്ടാവും എന്ന് കരുതുന്നു. ആ കണ്ണുനീര്‍ ആരുടെയെങ്കിലും മനസ്സില്‍ പതിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞാന്‍ അറിയാതെ അങ്ങ് മനസ്സില്‍ പറയുന്നുണ്ടായിരുന്നു. എനിക്ക് റോഡില്‍ ശ്രദ്ധിക്കാതെ ഇരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല പതുങ്ങിയിരിക്കുന്ന ഒരു അപകടത്തെയല്ല ഒരു അപകടം മൂലം ഒഴുക്കപെട്ടെക്കാവുന്ന ചില വ്യക്തികളുടെ കണ്ണ് നീര്‍ ആയിരുന്നു ഞാന്‍ എല്ലായിടത്തും കണ്ടു കൊണ്ടിരുന്നത്. പെട്ടന്ന് എത്തുവാന്‍ കൊതിച്ചു കൊണ്ടിരുന്ന ഞാന്‍ എന്തിനാണ് ഇങ്ങനെ വേഗത കൂട്ടി ജീവിതം നശിപ്പിക്കുന്നത് എന്ന് മനസ്സില്‍ ചിന്തിച്ചു. എന്ത് കൊണ്ട് ആരും ഇത് മനസിലാക്കുന്നില്ല. ഒരേയൊരു നിമിഷം കൊണ്ട് നശിപ്പിക്കാന്‍ ഉള്ളതാണോ നമ്മുടെ ഈ ജീവിതം. അതും ഒരു നിമിഷത്തെ ശ്രദ്ധ കുറവ് കൊണ്ട്. ഞാന്‍ ഇത് എഴുതുമ്പോഴും എനിക്ക് ആ സ്ത്രീയുടെ കണ്ണ് നീര്‍ കാണാം. ചിലപ്പോള്‍ ആ സ്ത്രീയുടെ കണ്ണ് നീര്‍ നിന്ന് പോകും. പക്ഷെ എന്‍റെ മനസ്സില്‍ പതിഞ്ഞ ആ കണ്ണ് നീരിന്‍റെ തീവ്രത ഞാന്‍ എത്ര പറഞ്ഞാലും എഴുതിയാലും ആരോടും വിശദീകരിക്കാന്‍ പറ്റിയെന്നു വരില്ല.

വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഓരോരുത്തരോടും എനിക്ക് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉള്ളത്. ഒരു നേരത്തെ അശ്രദ്ധ നിങ്ങളുടെ പ്രിയപെട്ടവരെ ചിലപ്പോള്‍ അനാഥര്‍ ആക്കിയേക്കാം. നിങ്ങളെക്കാള്‍ നിങ്ങളെ ആവശ്യം ഉള്ള പ്രായമായ മാതാപിതാക്കളോ പങ്കാളിയോ കുട്ടികളോ നിങ്ങള്ക്ക് ഉണ്ടായേക്കാം. അവര്‍ക്ക് വേണ്ടി എങ്കിലും ശ്രദ്ധയോടെ വാഹനം കൈ കാര്യം ചെയ്യുക. നിങ്ങള്‍ ചിന്തിച്ചു നോക്കുക നിങ്ങള്ക്ക് എന്തെങ്കിലും അംഗ ഭംഗം വന്നു ജീവിത കാലം മുഴുവന്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥ. എല്ലാം നമുക്ക് ഒഴിവാക്കാം. അതിനുള്ള ഒരു തീരുമാനം എടുക്കുവാന്‍ നിങ്ങള്ക്ക് സാധിക്കണം അതിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ഥിക്കുന്നു.

സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

പ്രശാന്ത് കെ

No comments: