Followers

Thursday, September 23, 2010

ഭാഗ്യം എനിക്ക് ശാപം ആകുമ്പോള്‍


ഇന്നും എന്നെ അവര്‍ വിളിച്ചിരുന്നു. എനിക്കിപ്പോഴും മനസിലാകുന്നില്ല എന്താ ഇത്രയും സ്നേഹം അവര്‍ക്ക് എന്നോട് എന്ന്. UAE  യിലെ വലിയ സംഭവം അഥവാ വലിയ കമ്പനി അഥവാ വലിയ ടെലിഫോണ്‍ സര്‍വീസ് ദായകര്‍  ഒക്കെ ആയിരിക്കും പക്ഷെ എന്നെ പണക്കാരന്‍ ആക്കിയിട്ടെ അവര്‍ അടങ്ങുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ ഞാന്‍ എന്താ ചെയ്യുക എന്ന വലിയ ഒരു ചിന്താകുഴപ്പം ഇപ്പോഴും എനിക്കുണ്ട്. എനിക്ക് വേണ്ടി എത്തിസലാത്ത്(മുകളില്‍ പറഞ്ഞ സംഭവം കമ്പനി ഇല്ലേ അത് തന്നെ) പല തവണ ലോട്ടറിയും ഒരുക്കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.  എന്നെ ഇത് അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് എന്നെ വിളിച്ചു ലോട്ടറി അടിച്ച വിവരം പറയുന്നത്. ഇന്ന് ലഭിച്ച ഫോണ്‍ കാള്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പങ്കു വയ്ക്കുന്നു. 

എന്‍റെ ഹിന്ദി അറിയാവുന്ന സുഹൃത്തുക്കളോട് ഒരു വാക്ക്. ഞാന്‍ ഈ എഴുതിയതില്‍ എന്തേലും ഗ്രാമര്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എന്നെ മെയില്‍ അയച്ചു തെറി വിളിച്ചോളൂ. എനിക്ക് മനസിലായ ഇന്ന് വരെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഹിന്ദി ഇങ്ങനെയൊക്കെയാണ്. അപ്പോള്‍ സംഭാഷണങ്ങളിലേക്ക് ....

(രാവിലെ പത്തു മണിയോട് അടുപ്പിച്ച സമയം)

രംഗം - ഓഫീസ് 
(ഫോണ്‍ ബെല്‍ അടിക്കുന്നു. ഞാന്‍ എടുത്തു സംസാരിക്കുന്നു)

ഞാന്‍  : ഹലോ 

എത്തി: ഹലോ, അസലാമു അലൈക്കും 

ഞാന്‍  : അസ്‌ലാം രഹ്മതുള്ള ഇബ്രക്കാത് (രണ്ടും മൂന്നും പറഞ്ഞ പദങ്ങള്‍ 
എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. എല്ലാരും പറയുന്നു ഞാനും)


എത്തി: മുബാറക് ഹോ .... 

ഞാന്‍  : ജീ ?? ക്യാ ? (സത്യത്തില്‍ അങ്ങേര്‍ക്കു എന്ത് മറുപടി കൊടുക്കണം എന്ന് അറിയാത്തത് കൊണ്ട്)

എത്തി : ആപ്കോ തോ എത്തിസലാത്ത് സേ ലോട്ടറി ലഗ് ഗയാ ഹേ. ഏക്‌ ലാക്‌ UAE ദിര്‍ഹം കാ 

ഞാന്‍   : അച്ചാ ..


എത്തി: ജീ ആപ് ഐസാ കരീയെ .. ആപ് ബാപസ് കാള്‍ കീജിയേ മേം ഡീടൈല്‍സ് ബഥാതാ ഹൂം. 


ഞാന്‍  : ഭയ്യാ ... മൈം തോ കൈസേ മേരെ ഖുശി ഓര്‍ ശുക്രിയ ആപ്കോ ബധാ സക്തെ പതാ നഹി..  ഫിലാല്‍ മുച്ചേ അഭി തോ ഇത്നാ പൈസേ കാ സരൂരത് തോ ഹേ നഹി.. 


എത്തി: ക്യാ ?


ഞാന്‍  : ജീ ജീ ... എത്തിസലാത്ത് സേ മുച്ചേ തോ ലോട്ടറി ചാര്‍ പാഞ്ച് ബാര്‍ തോ മില്‍ ചുകാ ഹേ .. ആപ് ഐസാ കരീയെ .. ആപ് ദൂസരാ കിസീകോ യെ ലോട്ടറി ദേ ദീജീയെ. 


എത്തി: ആപ് ഫോണ്‍ കീജീയെ മൈം ഡീടൈല്‍സ് ബതായെഗ ...


ഞാന്‍  : ഭയ്യാ ആപ് ടെന്‍ഷന്‍ മത് ലോ .. ആപ് ഓര്‍ കിസീകോ കാള്‍ കര്‍കെ ദേധോ. മൈം കിസികോ ബോലെഗ നഹി. 

(ഫോണ്‍ കട്ട്‌ ചെയ്തു അവന്‍ എങ്ങോട്ടോ പോയി പാവം എത്തി.. ആദ്യമായിട്ടരിക്കും കടുവയെ പിടിച്ച കിടുവയെ കാണുന്നത്)

സത്യത്തില്‍ ആര്‍ക്കേലും എന്തേലും മനസിലായോ ? 

മനസിലായില്ല എങ്കില്‍ ഞാന്‍ തന്നെ പറയാം. സ്ഥിരം ലോട്ടറികള്‍ തന്നു എന്നെ പണക്കാരന്‍ ആക്കാന്‍ ഉള്ള എത്തിസലാത്തിന്റെ ഗൂഡ ശ്രമങ്ങള്‍ ഞാന്‍ മനപൂര്‍വം തട്ടി തെറിപ്പിക്കുന്ന എന്‍റെ സ്ഥിരം നമ്പരുകളില്‍ ഒന്ന്. കഷ്ടപ്പെട്ട് ജോലി ചെയ്തു ആഹാരം കഴിച്ചാല്‍ മതി എന്ന എന്‍റെ തത്വം എന്നെ ഈ ലോട്ടറികള്‍ എല്ലാം സ്നേഹത്തോടെ നിരസിക്കുവാന്‍ എന്നെ നിര്‍ബന്ധിക്കുന്നു. പലരും പട്ടിണി കിടന്നു കഷ്ടപെടുമ്പോള്‍ ഈ ലോട്ടറികള്‍ എല്ലാം ഞാന്‍ ഒറ്റയ്ക്കടിച്ചെടുക്കുന്നത് ശരിയല്ലല്ലോ !!! എന്നെ ഞാന്‍ തന്നെ ഇടയ്ക്കൊക്കെ ഓര്‍ത്തു അഭിമാനം കൊള്ളാറുണ്ട്‌.  ഇനി എന്നെ UAE യില്‍ നിര്‍ത്താന്‍ അവര്‍ക്ക് ആഗ്രഹം ഇല്ലാത്തതു കൊണ്ടാണോ എന്നും എനിക്കിപ്പോള്‍ ഒരു സംശയം ഇല്ലാതെയില്ല. 

എഴുതേണ്ട എഴുതേണ്ട എന്ന് കരുതിയതാണ്. പക്ഷെ ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ബാക്കിയും കൂടി എഴുതിയില്ലെങ്കില്‍ ഞാന്‍ മോശക്കാരന്‍ ആയേക്കാം. ആരും ഇതൊക്കെ വായിച്ചു കേട്ടിട്ട് കണ്ണ് വച്ച് എന്നെ കിടക്കയില്‍ ആക്കരുതെ എന്ന അപേക്ഷയോടെ വീണ്ടും ....ആരും ആരോടും പറഞ്ഞു കളയരുത് ...

എനിക്ക് മൈക്രോസോഫ്ട്‌, ഗൂഗിള്‍, യാഹൂ, വേള്‍ഡ് ബാങ്ക്, UN എന്നിവിടങ്ങളില്‍ നിന്നൊക്കെയായി പലപ്പോഴായി പലതവണ ലോട്ടറി അടിച്ചിട്ടുണ്ട്.  മൈക്രോസോഫ്ട്‌ ആണ് എനിക്ക് ആദ്യം ലോട്ടറി അടിപ്പിച്ചു തന്നു സഹായിച്ചത്. എനിക്ക് അപ്പോള്‍ ഒന്നും മനസിലായിരുന്നില്ല എന്തിനാ ബില്‍ അങ്കിള്‍ (ബില്‍ ഗേറ്റ്സ്) എന്നെ ഇങ്ങനെയങ്ങു സഹായിക്കുന്നത് എന്ന്. രണ്ടു മൂന്നു ദിവസം കഴിഞ്ഞു എന്‍റെ ഒരു കൂട്ടുകാരന്‍ ബില്‍ അങ്കിളിന്റെ മോളുടെ ഫോട്ടോ മെയില്‍ അയച്ചു തന്നപ്പോഴല്ലേ എനിക്ക് സംഗതിയുടെ ഇരുപ്പു വശവും കിടപ്പ് വശവും നില്‍പ്പ് വശവും പിന്നെ ബാക്കി ഉള്ള എല്ലാ വശങ്ങളും ഒക്കെ മനസിലായത്. എന്നെ ഭാവി മരുമകന്‍ ആക്കാന്‍ ഉള്ള അങ്കിളിന്റെ ഗൂഡ തന്ത്രം. എന്‍റെ സാമ്പത്തിക നില ഭദ്രമാക്കി എന്നെ മോളെ കൊണ്ട് കെട്ടിക്കുക. 

വീട്ടില്‍ അമ്മയ്ക്ക് അമേരിക്ക പെണ്‍ പിള്ളാരോട് അത്ര പഥ്യം പോരാത്തത് കൊണ്ട് ഞാന്‍ ആ ലോട്ടറി മെയില്‍ കണ്ടില്ല എന്നങ്ങു നടിച്ചു. ഞാന്‍ ഇലയ്ക്കും മുള്ളിനും അടുക്കുന്നില്ല എന്ന് കണ്ടത് കൊണ്ടായിരിക്കാം അങ്കിള്‍ ബാക്കി ഉള്ള കമ്പനികളെ ഒക്കെ കൂട്ട് പിടിച്ചു എന്നെ വശീകരിക്കാന്‍ നോക്കിയത്. ഞാന്‍ ആരാ എന്ന് അങ്കിളിനു അറിയില്ലല്ലോ. ഞാന്‍ വിടുമോ എല്ലാം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു. അങ്കിളിനു ഇരിക്ക പൊറുതി ഇല്ല  ഇനി ഞാന്‍ വല്ല അബദ്ധത്തിലോ ചെന്ന് ചാടുമോ എന്ന് അങ്കിളിനു ഭയങ്കര പേടി ഉണ്ടെന്നു തോന്നുന്നു. എനിക്കാണേല്‍ ഇത്രേം ലോട്ടറി ഒരുമിച്ചു കണ്ടു ഒരു മടുപ്പ് ലോട്ടറികളോട് അതുമല്ല പാവങ്ങള്‍ കഞ്ഞി കുടിക്കാന്‍ പൈസ ഇല്ലാതെ കിടക്കുമ്പോള്‍ ഞാന്‍ എങ്ങനെ ഈ ലോട്ടറി ഒക്കെ വാങ്ങിച്ചു എന്‍റെ ബംഗ്ലാവില്‍ ചൂട് കാഞ്ഞു ചിക്കന്‍റെ കാലു കടിച്ചു തിന്നാന്‍ തോന്നും. ഇപ്പം മിക്കവാറും ദിവസം ബില്ലങ്കില്‍ മേയിലോട് മെയില്‍ ഒന്ന് മറുപടി താ എന്നിട്ട് വന്നു പൈസ കൊണ്ട് പോ പൈസ കൊണ്ട് പോ എന്നും പറഞ്ഞു കൊണ്ട്. എനിക്ക് ചിലപ്പോള്‍ സഹതാപം തോന്നും. ഒരു പാവം മനുഷ്യന്‍ തന്റെ മോളെ കെട്ടിച്ചു വിടാന്‍ പെടുന്ന കഷ്ട്ടപ്പാടുകള്‍. എന്നെ തന്നെ വേണമെന്ന് ഇത്രയ്ക്കും നിര്‍ബന്ധമോ.  

എല്ലാം എന്‍റെ ഭാഗ്യം ആയിരിക്കാം. ഭാഗ്യത്തിന്റെ കാര്യം ഓര്‍ത്തപ്പോഴാ വേറെ ഒരു കാര്യം ഓര്‍മ വന്നത്. ഈ ഭാഗ്യം ആന്റി (ഭാഗ്യ ദേവത) എന്ത് കണ്ടിട്ടാവും എന്നെ ഇങ്ങനെ കണ്ണടച്ച് അങ്ങ് അനുഗ്രഹിക്കുന്നതു. വന്‍ വന്‍ കമ്പനികള്‍ ബിസിനസ്‌ തുടങ്ങൂ ഞാന്‍ ഇന്‍വെസ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞു ദിവസവും മെയില്‍ അയക്കുന്നു. കൂടാതെ പല വ്യക്തികളും പൈസ എന്നെ കണ്ണും അടച്ചു ഏല്‍പ്പിക്കാം സൂക്ഷിച്ചു വയ്ക്കാന്‍ അവരുടെ വീട്ടില്‍ സ്ഥലം ഇല്ല എന്നൊക്കെ ചോദിച്ചു മെയില്‍ അയക്കാറുണ്ട്. പല വന്‍ മുതലാളിമാരുടെ ഭാര്യമാര്‍ മുതലാളി മരിച്ചു പോയി മക്കളില്ല നിന്നെ എന്‍റെ മകനെ പോലെ കാണാം നിനക്ക് പൈസ അയക്കട്ടെ എന്നും ചോദിച്ചു കാത്തു നില്‍ക്കുന്നു. ഈ ലോട്ടറിയും കാളുകളും ബാക്കി മെയിലുകളും ഒക്കെ കാണുമ്പോള്‍ എനിക്ക് എന്നോട് തന്നെ അസൂയ തോന്നുന്നു. ഇതൊക്കെ കാണുമ്പോള്‍ ഭാഗ്യം ആന്റി എന്‍റെ ചുറ്റിലും തലയുടെ മുകളിലും ആളുകളെ വിട്ടു ബ്രേക്ക്‌ ഡാന്‍സ്, ടപ്പാം കൂത്ത്‌ ഇത്യാദി കലാപരിപാടികള്‍ നടത്തുകയാണോ എന്ന് സംശയം തോന്നാറുണ്ട്. ഇപ്പോള്‍ ഓരോരുത്തര്‍ അയക്കുന്ന മെയിലിനു മറ്റൊരാള്‍ അയച്ച ലോട്ടറി മെയില്‍ അയച്ചാണ് ഞാന്‍ ഇപ്പോള്‍ സമയം കഴിക്കാറുള്ളത്. 

ഇപ്പോള്‍ കൂട്ടുകാരുടെ മെയില്‍ വന്നാലും ലോട്ടറി വിവരങ്ങള്‍ ഒന്നും അല്ലല്ലോ എന്ന് നോക്കി ഉറപ്പു വരുത്തിയിട്ടാണ് നോക്കാറുള്ളത്. എന്ത് ചെയ്യാന്‍ പറ്റും അനുഭവം നമ്മളെ കൂടുതല്‍ ശ്രദ്ധയോടെ ജീവിതം മുന്നോട്ടു നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു. എന്‍റെ കൂട്ടുകാരോട് ഒരു വാക്ക്. ഭാഗ്യം ഹോള്‍ സെയില്‍ ആയി ആന്റി എന്‍റെ കയ്യില്‍ തന്നിട്ടുള്ളത് സത്യം തന്നെ. അത് കൊണ്ട് എന്നെ മനസ്സില്‍ ധ്യാനിച്ച്‌ എടുത്തു അടിക്കാതിരിക്കുന്ന ഓരോ ലോട്ടറിക്കും ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല.  അന്റിയുമായുള്ള അടുത്ത കൂടി കാഴ്ചയില്‍ ഈ ഭാഗ്യം കൈ മാറ്റം ചെയ്യാന്‍ വകുപ്പുണ്ടോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. അങ്ങനെ വല്ല വകുപ്പും ഉണ്ടേല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിര്‍ലോഭം വാടകയ്ക്ക് തരാന്‍ ഞാന്‍ ഒരുക്കം ആണെന്നുള്ള വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. 

ആരുടെ ഗൂഡാലോചന ആണെങ്കിലും എനിക്ക് പ്രശ്നം ഇല്ല. ബില്‍ അങ്കിള്‍, ഭാഗ്യം ആന്റി, എത്തിസലാത്ത്, ബാക്കി പൈസ ഉണ്ടായിട്ടു അയച്ചു തരാം എന്ന് പറഞ്ഞ എല്ലാവരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. സത്യായിട്ടും അത്യാവശ്യം ഇല്ലാത്തത് കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇതൊക്കെ നിരസിച്ചത്‌. ഉള്ളപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ ചോദിച്ചു കൊള്ളാം.  നിങ്ങളുടെ എല്ലാം നല്ല മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ ഹൃദയ വിശാലതയെ എല്ലാവരും മനസിലാക്കി നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ഇട വരട്ടെ എന്ന് ആശംസിക്കുന്നു. 
(എന്നോടാ കളി ..... ഞാന്‍ ഭയങ്കര സംഭവം തന്നെ.... ഹൃദയ വിശാലതയുടെ മറ്റൊരു പര്യായം)

No comments: