പ്രതീക്ഷയുടെ ഒരു നേര്‍ത്ത നാമ്പ് കിട്ടിയിരിക്കുന്നു. ജോലിയ്ക്കായി ശ്രമിച്ചു പരാജയം അനുഭവിച്ചു തളര്‍ന്ന അവസ്ഥയില്‍ നിന്ന് ഒരു കുതിച്ചു ചാട്ടം എന്ന് പറയാന്‍ പറ്റില്ലെങ്കിലും കിതച്ചു എഴുന്നേല്‍ക്കാന്‍ അവനു സാധിക്കുമെന്ന് തോന്നിയ ഒരു നേട്ടം. അവനു ജോലി ലഭിച്ചിരിക്കുന്നു. ഇനി വീട്ടുകാരുടെയും നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നില്‍ തല ഉയര്‍ത്തി നടക്കാം.
അവന്‍ അതി രാവിലെ തന്നെ ഒരുങ്ങി ജോലിയ്ക്കായി പുറപ്പെട്ടു. കൃത്യ സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ സ്ഥലത്തെത്തി പ്യുണിനോട് കുശലം പറഞ്ഞിരുന്നു. ആദ്യ ദിവസം തന്നെ താമസിച്ചു എന്ന് വരുത്തണ്ട എന്ന് അവന്‍ കരുതി. അവന്‍ ജോലിയ്ക്ക് ജോയിന്‍ ചെയ്തു. പിന്നെ അവന്റെ ഉയര്‍ച്ച വളരെ വലുതായിരുന്നു. വളരെ പെട്ടന്ന് അവന്‍ ഓഫീസിലെ അവിഭാജ്യ ഘടകമായി മാറി. അതോടെ അവനില്‍ ഒരു അഹങ്കാരം പതിയെ തലപൊക്കി.
അവന്‍ അവിടെ അവന്റെയൊരു ഭരണം തന്നെ പുറത്തെടുത്തു. മാനേജരുമാരും അവന്‍ പറയുന്നത് കേള്‍ക്കേണ്ട ഒരു അവസ്ഥ. അവന്‍ ചിലപ്പോള്‍ പലരോടും പൊട്ടി തെറിക്കുമായിരുന്നു. അങ്ങനെ അവന്‍ ആ ദിവസം ഓഫീസില്‍ എത്തി. നല്ല തലവേദന. രാവിലെ കിട്ടുന്ന ചായ ഇത് വരെയും കിട്ടിയിട്ടില്ല. അവിടെ പ്യുണിനെ കാണാതെ ഉച്ചത്തില്‍ അലറി വിളിച്ചു. !!! "പ്യുണ്‍ ..................... !!!!!" പിന്നെ അവന്‍ തല വെട്ടി പൊളിക്കുന്ന തലവേദനയില്‍ കണ്ണടച്ചതും ഓര്‍മയുണ്ട്. കണ്ണ് തുറന്നതും നില്‍ക്കുന്നു ചായയുമായി.
"പ്യുണ്‍ എവിടെ ? "
പക്ഷെ ചായയുമായി നില്‍ക്കുന്നത് നല്ല പരിചയം ഉള്ള മുഖം. അമ്മ . താന്‍ എങ്ങനെ ഇവിടെ എത്തി എന്ന് ചിന്തിക്കാന്‍ തുനിഞ്ഞെങ്കിലും അതിനുള്ള സമയം നല്‍കാതെ ചോദ്യം എത്തി.
"ഏതു പ്യുണ്‍ ? ഇന്നും കണ്ടോ പുന്നാര മോന്റെ സ്വപ്നം ? ഇന്ന് ഏതു കമ്പനിയില്‍ ആയിരുന്നു ഉദ്യോഗം ? ഈ ചായ എടുത്തു കുടിച്ചിട്ട് പല്ല് തേച്ചു വല്ലോം വേണേല്‍ എടുത്തു കഴിച്ചിട്ട് ഊര് ചുറ്റാന്‍ ഇറങ്ങണ്ടെ ? " അവന്‍ ആകെ സ്തബ്ദനായി.
"ദൈവമേ ഇതും സ്വപ്നമായിരുന്നോ ? സ്വപ്നത്തില്‍ ഇത്രേം അഹങ്കാരം എങ്കില്‍ പിന്നെ ജീവിതത്തില്‍ എന്താകും. ചുമ്മാതെയാണോ ജോലി ഒന്നും കിട്ടാത്തത് ?"
സ്വയം ശപിച്ചു കൊണ്ട് അവന്‍ എഴുന്നേറ്റു അന്ന് കണ്ട സ്വപ്നം വരവ് വച്ചു.
"അങ്ങനെ സ്വപ്നം കണ്ടു കണ്ടു 3 ഡയറി എഴുതി തീര്‍ത്തു.വീണ്ടും ഒരു നഷ്ട സ്വപ്നം കൂടി. "
മുറുമുറുപ്പോടെ അവന്‍ ചായ കുടിച്ചിട്ട് അവന്റെ ദിന ചര്യകളിക്ക് ........
പ്രശാന്ത് കെ
No comments:
Post a Comment