Followers

Saturday, August 14, 2010

അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു....




"അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു .."

പക്ഷെ അത് എന്താണെന്ന് തിരിച്ചറിയാന്‍ അവനു സാധിക്കാത്തവണ്ണം അവന്റെ മനസ്സില്‍ മുറിവേറ്റു മുരടിച്ചിരുന്നു. എന്തിനവള്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് അവനു അറിയില്ലായിരുന്നു. ഒന്ന് രണ്ടു ദിവസത്തിനുള്ളില്‍ അവളില്‍ ഉണ്ടായ മാറ്റം അവനെ വേദനിപ്പിച്ചു എന്ന് വേണം കരുതാന്‍ . അവള്‍ക്കു അവനോടു സംസാരിക്കാന്‍ പറ്റാത്ത ഇടത്തേക്ക് പോകണം അതെവിടെയാണെന്ന് പറയില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ അവന്‍ പരിഭവിച്ചു എങ്കിലും അവളോട്‌ അവന്‍ വാക്ക് വാങ്ങി കാത്തിരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. പക്ഷെ നടന്നത് എല്ലാം ചിന്തയ്ക്കും പ്രവര്‍ത്തിക്കും അതീതമായ കാര്യങ്ങള്‍ .

വീട്ടുകാരോട് പോലും പറഞ്ഞു സമ്മതം വാങ്ങിച്ചിട്ടും അവള്‍ അവളുടെ വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാതിരുന്നപ്പോള്‍ അവനു ദേഷ്യമായിരുന്നു വന്നത്. അവള്‍ക്കു ഈ ബന്ധത്തില്‍ ഉള്ള ആത്മാര്‍ഥത അവന്‍ ചോദിച്ചു ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടാക്കുമായിരുന്നു. അവളുടെ ന്യായീകരണങ്ങള്‍ ഒന്നും അവനു ന്യായീകരിക്കാന്‍ പറ്റുന്നവ ആയിരുന്നില്ല. അവനു അവളെ പിരിയാന്‍ കഴിയുമായിരുന്നില്ല. തിരിച്ചു അവള്‍ക്കും എന്ന് അവന്‍ വിശ്വസിച്ചു. പക്ഷെ അവള്‍ അവനെ അവളില്‍ നിന്നും ബലമായി പിടിച്ചു അകറ്റാനായി ശ്രമിക്കുണ്ടായിരുന്നത് അവനു ഒരു വേദനയോടെ സ്വീകരിക്കേണ്ടി വന്നു. അവള്‍ക്കു ഒരു നല്ല ഭാവി കിട്ടുന്നതിനായിരിക്കുമോ അവള്‍ തന്നെ അകറ്റുന്നത് !! എങ്കില്‍ അത് അവളുടെ നന്മയ്ക്ക് വേണ്ടി ആയി തീരട്ടെ എന്ന് വേദനോടെ ആണെങ്കിലും അവന്‍ തന്റെ ഉള്ളില്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.


മനസിന്‌ വിങ്ങല്‍ ഏറ്റാല്‍ അത് മാറ്റണം എങ്കില്‍ വിങ്ങല്‍ ഏല്‍പ്പിച്ച വ്യക്തി സ്നേഹത്തോടെ ഒന്ന് സംസാരിച്ചാല്‍ മതിയാകുമായിരുന്നു. എങ്കിലും അവള്‍ അതിനു കാത്തു നില്‍ക്കാതെ എവിടെക്കോ പോയി. അവളെ ഇനിയും പിടിച്ചു നിര്‍ത്തിയിട്ടും അവള്‍ക്കു തന്നെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ എന്തിനു താന്‍ അതിനു തുനിയണം എന്ന് അവനും കരുതി. വിങ്ങല്‍ അത് അനുഭവിച്ചവര്‍ക്കു മനസിലാകും. 'വിങ്ങല്‍ ' എന്ന ഒരു ചെറിയ പദ പ്രയോഗത്തിലൂടെ മനസിലാക്കാന്‍ പറ്റുന്നതിലും എത്രയോ വളരെ അധികമാണ് ആ വേദന. അവള്‍ക്കു വേണ്ടി ആ പ്രാണവേദന അവന്‍ ഏറ്റെടുത്തു.

ഭ്രാന്തനെ പോലെ നടന്ന എത്ര ദിവസങ്ങള്‍ , ഉറക്കം തനിക്കു എന്നന്നേക്കുമായി നഷ്ടപെടുകയാണോ എന്ന് അവനു തോന്നിപോയ ദിവസങ്ങള്‍ . അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര് ഇല്ലാതെ വന്നു രക്തം പൊടിയേണ്ടി വന്ന മുറിപ്പെടുത്തുന്ന വേദന. എന്തിനിങ്ങനെ ജീവിക്കുന്നു എന്ന് കരുതിയ നാളുകള്‍ . ലഹരിയോടുള്ള താല്പര്യം ഇല്ലായ്മയും തന്റെ മനസിനെ സ്വാന്ത്വനപെടുതാന്‍ വേറെ മാര്‍ഗങ്ങള്‍ തിരയാതിരുന്നതും ഒരു വിധത്തില്‍ അവനെ വേദനയുടെ പടുക്കുഴിയില്‍ തള്ളി വിട്ടു എങ്കിലും തന്നില്‍ നിഷിബ്ധമായിരിക്കുന്ന ഉത്തരവാദിത്വങ്ങളെ കുറിച്ച് ആലോചിച്ചു മനസിനെ പാകപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം എടുത്തു അവനു ആ വേദനയില്‍ നിന്നും കരകയറാന്‍ .

അവള്‍ !!!! അവളെ മറക്കാന്‍ സാധിക്കുമായിരുന്നില്ല എന്നിട്ടും അവളെ കുറിച്ച് മനപൂര്‍വം ചിന്തിക്കാതിരിക്കാന്‍ ശ്രമിച്ചു. പക്ഷെ മാസങ്ങള്‍ക്ക് ശേഷം അവള്‍ വീണ്ടും വന്നു അവനോടു സംസാരിക്കുവാന്‍ . അവന്‍ അവളെ ശ്രദ്ധിക്കാതിരിക്കാന്‍ ശ്രമിച്ചു. ഇനി ഇങ്ങനെ ഒരു അവസ്ഥ തന്റെ ജീവിതത്തില്‍ വരുത്തല്ലേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. എങ്കിലും അവനു അവളെ വേദനിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. അവളോട്‌ സംസാരിച്ചു.

" അവള്‍ അപ്പോഴും വിതുമ്പുകയായിരുന്നു".

അത് കപടമാണോ സത്യമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധം അവന്‍ മാറി പോയിരുന്നു. അവന്റെ അവസ്ഥ അവനെ അങ്ങനെ ആക്കി എന്ന് പറയുന്നതാവും ഉചിതം. അവള്‍ക്കു തന്നോട് സംസാരിക്കണം എന്നൊക്കെ ആവശ്യപെട്ടപ്പോള്‍ അതൊക്കെ വീണ്ടും ഒരു വേദനയിലേക്ക് കൊണ്ടിടുമോ എന്ന് അവന്‍ ഭയന്നു. അവളെ അവന്‍ വേദനിപ്പിക്കാതെ തിരിച്ചയക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. എങ്കിലും അവള്‍ക്കു വേദനിച്ചിട്ടുണ്ടാകും. അതൊന്നും അവന്‍ കാര്യമാക്കിയില്ല. തനിക്കു വേദന വന്നപ്പോള്‍ തനിക്കു അതൊക്കെ ഒന്ന് പങ്കിടാന്‍ ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. സ്വയം തിരഞ്ഞെടുത്തിരുന്ന പെണ്‍കുട്ടി ആയിരുന്നതിനാല്‍ ആ വേദന തന്റെ വീട്ടുകാരോട് പോലും പറയാതിരിക്കാന്‍ അവന്‍ ശ്രമിച്ചു.

അങ്ങനെ കുറെ നാളുകള്‍ അവളെ കുറിച്ച് വിവരം ഒന്ന് തന്നെ ഇല്ലാതെ കഴിച്ചു കൂട്ടി. അവളെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാവും എന്നോര്‍ത്ത് അവളുടെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിച്ചു അവന്‍ കഴിഞ്ഞു കൂടി. ആകസ്മികമായി തന്റെ സുഹൃത്തും അവളുടെ സുഹൃത്തിന്റെ ബന്ധുവുമായ ഒരു കുട്ടിയുമായി സംസാരിക്കാന്‍ ഇടയായി. അവനെ ഞെട്ടിച്ചു കൊണ്ടുള്ള ചില വിവരങ്ങളാണ് ആ കുട്ടിയ്ക്ക് അവനോടു പറയാന്‍ ഉണ്ടായിരുന്നത്. അവന്‍ ആകെ പശ്ചാത്താപ വിവശനായി പോയി അത് കേട്ടപ്പോള്‍ . അവളോട്‌ സംസാരിക്കണം എന്ന് അവനു അടങ്ങാത്ത ആഗ്രഹം ഉണ്ടായി. പക്ഷെ അവള്‍ വേറെ ഒരിടത്തേക്ക് മാറിയിരുന്നു അപ്പോഴേക്കും.

അവള്‍ ചെയ്തതിനും പറഞ്ഞതിനും എല്ലാം നിമിഷങ്ങള്‍ക്കകം തന്നെ അവനു മറുപടി കിട്ടി. "അവളുടെ വിതുമ്പല്‍ " അത് എത്ര ആഴം ഉള്ളതായിരുന്നു എന്ന് അപ്പോള്‍ അവന്‍ മനസിലാക്കി. അവളെ കാര്‍ന്നു തിന്നു കൊണ്ടിരുന്ന അസുഖം അവള്‍ക്കു മനസിലായപ്പോള്‍ അവനെ അവളില്‍ നിന്നും അകറ്റാന്‍ വേണ്ടി ചെയ്തിരുന്ന നാടകങ്ങള്‍ അത് അവനെ തീര്‍ത്തും തകര്‍ത്തു കളഞ്ഞു. അന്ന് ഒരു പക്ഷെ അവള്‍ അത് അവനോടു പറഞ്ഞിരുന്നു എങ്കില്‍ അവന്‍ അവന്റെ ജോലി പോലും ഉപേക്ഷിച്ചു അവള്‍ക്കു വേണ്ടി അവളുടെ അടുത്തേക്ക് പോയിരുന്നേനെ. അതെല്ലാം അറിയാമായിരുന്ന അവള്‍ അതിനൊന്നും തയ്യാറാകാതെ അവനെ അകറ്റി അവന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ കൊതിച്ചു. തന്നെ കാണാതെ ഇരിക്കുമ്പോള്‍ മറന്നു കൊള്ളും എന്നുള്ള അവളുടെ വിശ്വാസം അവള്‍ക്കു കഴിയുമായിരുന്നില്ല എങ്കിലും അവനില്‍ നിന്നും മനപൂര്‍വം അകലാന്‍ തീരുമാനം എടുപ്പിച്ചു.

അവള്‍ പോയിട്ട് ഒരു വിവരവും ഇല്ല. ഇനി അവളെ കിട്ടില്ല എന്ന് അവനു നല്ല ബോധ്യം വന്നിട്ടാവണം അവള്‍ക്കു ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ഥിച്ചു അവന്‍ തന്റെ ജീവിതം പഴയ അവസ്ഥയിലേക്ക് വീണ്ടും എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അവള്‍ പക്ഷെ വീണ്ടും വന്നു. അവളുടെ അസുഖത്തെ പറ്റി ചോദിക്കുമ്പോള്‍ എല്ലാം അവള്‍ വേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ അവളുടെ അവസ്ഥയ്ക്ക് ചെറിയ മാറ്റാന്‍ ഉണ്ടെന്നു അവള്‍ പറയുമ്പോഴും അത് അവനെ ആശ്വസിപ്പിക്കാന്‍ പറയുന്നതല്ലേ എന്ന് അവന്‍ സംശയിച്ചു.

അവള്‍ ഇപ്പോഴും അവനോടു സംസാരിക്കുന്നു. പക്ഷെ അവനു അവള്‍ ഇപ്പോള്‍ ആരാണെന്നു പറയാന്‍ പറ്റാത്ത അവസ്ഥയില്‍ അവളെ ആശ്വസിപ്പിക്കാനും ധൈര്യം കൊടുക്കാനും മാത്രമേ അവനിന്നും കഴിയുന്നുള്ളൂ. അവനു അവള്‍ എന്തൊക്കെയോ ആയിരുന്നു പക്ഷെ അവന്റെ മനസ് ഒന്ന് പിടഞ്ഞു പോയാല്‍ , ചിലപ്പോള്‍ പഴയ വേദനയിലേക്ക് പോകാന്‍ ഒരു അവസരം കൂടി വന്നാല്‍ അവന്‍ അതിനെ നേരിടും എന്ന് പറയാന്‍ പറ്റില്ല. അവന്റെ കുടുംബത്തോടുള്ള കടമയും അവളോടുള്ള സ്നേഹവും തമ്മിലുണ്ടായ മാനസിക യുദ്ധത്തില്‍ അവന്‍ കുടുംബത്തിനായി ഇനി ഒരു വേദന വേണ്ട എന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിലും ഉപരി അവന്റെ ജീവിതത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് അവളെ കൊണ്ട് പോകാന്‍ അവനു കഴിയുമായിരുന്നില്ല.

അവന്‍ ഇപ്പോള്‍ പലരുടെയും പ്രശ്നങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. കാരണം തനിക്കു ഉണ്ടായ ആ അനുഭവം അത് ആര്‍ക്കും വരുത്തരുതേ എന്നുള്ള ആഗ്രഹത്തോടെ. ആ ഒറ്റപെടല്‍ അത് ആര്‍ക്കും ദൈവം കൊടുക്കരുതേ എന്ന് അവന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. സ്നേഹം അത് എന്നും വേദന മാത്രം തരുന്ന അനുഭവമായിരുന്നു എന്നും അവനു.

അവളിപ്പോഴും അവനോടു സംസാരിക്കുന്നു. അവന്‍ അവളോടും. പക്ഷെ അവള്‍ സ്നേഹിച്ച അവന്‍ എന്നേ മരിച്ചു എന്ന് അവള്‍ക്കു മനസിലാകാതിരിക്കാന്‍ അവന്‍ വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുന്നു. "അവളിപ്പോഴും വിതുംബുകയല്ലേ ?" അവന്‍ അതിനു ഉത്തരം കണ്ടെത്താന്‍ മനപൂര്‍വം ശ്രമിക്കുന്നില്ല. കാരണം അവനു അറിയാം അവള്‍ ഇപ്പോഴും വിതുംബുക തന്നെയാണ് എന്ന്.ഹൃദയാഘാതം ഒരിക്കല്‍ വന്നു അടുത്തത് എന്ന് വരും എന്ന് കാത്തിരിക്കുന്ന അവസ്ഥയാണ് ഒരിക്കല്‍ ഹൃദയം തകര്‍ന്നവന് ഉള്ളത് . അങ്ങനെ വരാതിരിക്കാന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുകയും ചെയ്യും. അതായിരിക്കാം അവന്‍ ഇപ്പോള്‍ കണ്ടെത്തുന്ന ന്യായീകരണം..........

"പക്ഷെ അവള്‍ ഇപ്പോഴും വിതുംബുകയാണ്"



- പ്രശാന്ത് കെ
Prasanth K

ഇത് ഒരു കഥ മാത്രം (കഥയെന്നു വിളിക്കാന്‍ സാധിക്കുമെങ്കില്‍)

1 comment:

Sneha said...

പ്രശാന്ത് ....ആദ്യം തന്നെ ഒരു കാര്യം പറയെട്ടെ.. ഈ font ന്റെ കളര്‍ ഒന്ന് മാറ്റണം ...കാരണം വായിക്കാന്‍ ബുദ്ധിമുട്ട ..
പിന്നെ ഇത് വെറും കഥ ആണെങ്കിലും .... നല്ല രീതിയില്‍ തന്നെ അവസാനിക്കെട്ടെ എന്നാ ആശംസിക്കുന്നു ....